മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ് സ്‌കൂളിലെ പ്രധാന അദ്ധ്യാപിക സി.പി. സഫിയയെന്ന പ്രിയപ്പെട്ട ടീച്ചറമ്മയ്ക്ക് സ്നേഹോഷ്മള യാത്രഅയപ്പ്. കൊയിലാണ്ടി സ്വദേശിയായ ടീച്ചർക്ക് നിറമിഴികളോടെയാണ് യാത്രഅയപ്പ് നൽകിയത്. ഈസ്റ്റ് മാറാടി സ്‌കൂളിൽ കഴിഞ്ഞ ജൂണിലാണ് ഹെഡ്മിസ്ട്രസായി പ്രൊമോഷൻ ലഭിച്ചെത്തിയത്. ഒരു വർഷക്കാലമായി കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ വിദ്യാർത്ഥികളേയും സഹപ്രവർത്തകരേയും മുന്നിൽനിന്ന് നയിച്ചതോടെയാണ് നാടിന്റെ ടീച്ചറമ്മയായത്. ഓരോ വിദ്യാർത്ഥിയുടേയും കുടുംബാംഗങ്ങളെ നേരിട്ടറിയാം ഈ ടീച്ചറമ്മക്ക്. സ്‌കൂൾ പി.ടി.എയോടും സ്‌കൂൾ വികസനസമിതിയോടും നാഷണൽ സർവീസ് സ്‌കീം യൂണിറ്റുൾപ്പെടെയുള്ള മറ്റ് ക്ലബുകൾക്കൊപ്പവും നിന്ന് നിരവധി മാതൃകാ പ്രവർത്തനങ്ങളാണ് നടത്തിയത്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഏഴായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി ഡിജിറ്റലൈസ് ചെയ്തു. ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടായിരുന്ന വിദ്യാർത്ഥികൾക്കായി കഴിഞ്ഞവർഷം പത്തോളം ടെലിവിഷനും ഡിഷ് ആന്റിനയും സ്‌പോപോൺസർമാരിലൂടെ നൽകി. ഈ വർഷം25 മൊബെൽ ഫോണുകളാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.
പരിസ്ഥിതി സ്‌നേഹി കൂടിയായ ടീച്ചറോടുള്ള ബഹുമാനാർത്ഥം സ്‌കൂൾമുറ്റത്ത് നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ വൃക്ഷത്തൈനട്ടു. യാത്രഅയപ്പ് യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പി.ടി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, മദർ പി.ടി.എ ചെയർപേഴ്‌സൺ സിനിജ സനിൽ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ, സീനിയർ അസിസ്റ്റന്റ് ഗിരിജ എം.പി, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി. സ്‌കൂൾ കൗൺസലർ ഹണി വർഗീസ്, ശോഭന എം.എം, രതീഷ് വിജയൻ, ഗ്രേസി കുര്യൻ, പ്രീന എൻ ജോസഫ്, ഷീബ എം.ഐ, സിലി ഐസക്ക്, ജോമി ജോർജ്, ബാബു പി.യു തുടങ്ങിയവർ സംസാരിച്ചു.