കൊച്ചി: കിറ്റെക്സ് ഗാർമെന്റ്സിനെ തകർക്കരുതെന്നാവശ്യപ്പെട്ട് കിഴക്കമ്പലത്തെ കമ്പനി വളപ്പിൽ തൊഴിലാളികൾ പ്രതിഷേധജ്വാല തെളിയിച്ചു. പതിനായിരത്തോളം തൊഴിലാളികൾ വൈകിട്ട് ആറു മുതൽ അരമണിക്കൂർ നീണ്ട പ്രതിഷേധത്തിൽ അണിനിരന്നു.
തുടർച്ചയായ പരിശോധനയും നുണപ്രചാരണവും നടത്തി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പനിയെ തകർക്കാൻ ചില രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി ആരോപിച്ചായിരുന്നു കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രതിഷേധം.
അന്നം മുടക്കരുത് ജീവിച്ചോട്ടെ ഞങ്ങൾ, സഹായം വേണ്ട ഉപദ്രവിക്കരുത്, കിറ്റെക്സിനൊപ്പം ഞങ്ങളുണ്ട് ഒറ്റക്കെട്ടായി തുടങ്ങിയ വാചകങ്ങൾ ഹിന്ദിയിലും മലയാളത്തിലും എഴുതിയ പ്ളാക്കാർഡുമായാണ് മലയാളികളും അന്യസംസ്ഥാനക്കാരുമായ തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കെടുത്തത്.