കാലടി: ബൈക്കിലെത്തിയ യുവാക്കൾ പട്ടാപ്പകൽ വീട്ടമ്മയുടെ മാല കവർന്നു. മറ്റൂർ പള്ളിയങ്ങാടി പുതുശ്ശേരി വീട്ടിൽ ചാക്കുവിന്റെ ഭാര്യ മേരിയുടെ രണ്ടര പവന്റെ മാലയാണ് ഇന്നലെ പകൽ12.45 ന് കവർന്നത്. വീടിനു മുന്നിൽ കുട്ടിയെയുമെടുത്ത് നിൽക്കുകയായിരുന്നു മേരി. മോഷ്ടാക്കൾ ഹെൽമെറ്റും മാസ്കും ധരിച്ചിരുന്നു. വീട്ടമ്മയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ അയൽവാസികൾ അറിയിച്ചതനുസരിച്ച് കാലടി പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.