vishnu

കൊച്ചി: സിനിമാ ശബ്ദലോകത്ത് ഹിറ്റ് സിനിമകളുടെ ഭാഗമായി മുന്നേറുകയാണ് അങ്കമാലി വേങ്ങൂ‌ർ ശാരദാലയത്തിൽ വിഷ്ണു സുജാതൻ (25). നാല് വർഷം മുമ്പാണ് സൗണ്ട് മിക്സിംഗ് രംഗത്ത് വിഷ്ണു എത്തുന്നത്. പുതിയതായി റിലീസ് ചെയ്ത കോൾഡ് കേസാണ് ലേറ്റസ്റ്റ് സിനിമ. കുട്ടിക്കാലം മുതലുള്ള ആഗ്രഹ സാഫല്യമാണ് വിഷ്ണുവിന് ഈ നേട്ടം. പൂനെ സീമെഡു മീഡിയ സ്കൂളിൽ നിന്നും സൗണ്ട് എൻജിനീറിംഗിൽ ബിരുദം പൂർത്തിയാക്കിയ ശേഷം ദേശീയ അവാർ‌‌ഡ് ജേതാവായ എം.ആർ.രാജാകൃഷ്ണന്റെ കീഴിൽ പ്രിയദർശന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ ഫോർ ഫ്രേംസ് സൗണ്ട് കമ്പനിയിലാണ് ആദ്യം ജോലിയിൽ കയറിയത്. ഇരുപത്തിമൂന്നാം വയസിൽ ചെയ്ത 'തണ്ണീർമത്തൻ ദിനങ്ങൾ' ആണ് ആദ്യ സ്വതന്ത്രചിത്രം. ഷോട്ട്ഫിലിമുകൾ ചെയ്ത പരി​ചയസമ്പത്താണ് തുണയായത്. പടം വലിയ ഹിറ്റായതോടെ വിഷ്ണുവിനെത്തേടി അവസരങ്ങളെത്തി​. അസി. സൗണ്ട് മിക്സർ ആയിരുന്ന സമയത്ത് മലയാളം, ഹിന്ദി, തമിഴ്, കന്നട തുടങ്ങിയ ഭാഷകളിൽ അറുപതിലേറെ ചിത്രങ്ങളി​ൽ പങ്കാളി​യായി​. കപ്പേള, ഇരുൾ, അനുഗ്രഹീതൻ ആന്റണി എന്നി​വയാണ് സ്വതന്ത്രമായി​ ചെയ്ത മറ്റുചി​ത്രങ്ങൾ. ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ആറാട്ട്, കുഞ്ഞെൽദോ, മധുരം, സൂപ്പർ ശരണ്യ തുടങ്ങിയവ അണിയറയിലാണ്. കർഷകനായ അച്ഛൻ സുജാതനും അദ്ധ്യാപികയായ അമ്മ ജയശ്രീയും സഹോദരി പാ‌ർവതിയുമാണ് വി​ഷ്ണുവി​ന്റെ കുടുംബം.



ഞാൻ എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് റസൂൽപൂക്കുട്ടിക്ക് ഓസ്കാ‌ർ ലഭിക്കുന്നത്. അന്നാണ് ഈ ഒരു മേഖലയെക്കുറിച്ച് അറിയുന്നത്. പി​ന്നെ എല്ലാ ചിത്രങ്ങളുടേയും സൗണ്ട് മിക്സർ ആരാണെന്ന് ശ്രദ്ധിക്കാൻ തുടങ്ങി. എല്ലാ ഹിറ്റ് സിനിമകളുടേയും സൗണ്ട് മിക്സറായ എം.ആർ.രാജാകൃഷ്ണൻ എന്ന പേരുകണ്ട് അദ്ദേഹത്തെ തേടി​ചെന്നു. പഠനത്തി​ലേക്ക് നയി​ച്ചതും രാജാകൃഷ്ണനാണ്. അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യാൻ പറ്റിയത് തന്നെ ഭാഗ്യം.

വിഷ്ണു സുജാതൻ.