കൊച്ചി: എഴുത്ത് നിർത്തുകയാണെന്ന് കഴിഞ്ഞ വർഷം ഞാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊവിഡ് എന്നെ മാറ്റി ചിന്തിപ്പിച്ചു. ധാരാളം സമയം ലഭിച്ചതോടെ എഴുത്തിലേക്ക് തിരിച്ചെത്തി. 85ാം പിറന്നാൾ നിറവിൽ പ്രശസ്ത സാഹിത്യകാരൻ കെ.എൽ.മോഹനവർമ്മ പറയുന്നു.
ഇംഗ്ളീഷ് കലണ്ടർ പ്രകാരം നാളെയാണ് ജന്മദിനമെങ്കിലും മിഥുനത്തിലെ ചതയത്തിന് പിറന്നാളാഘോഷിച്ചത് വീണ്ടും എഴുത്തിൽ മുഴുകിയാണ്. അല്ലാതെ ഈ കൊവിഡുകാലത്ത് എന്ത് ആഘോഷം. അന്നു പുതിയ നോവലിന്റെ പണിപ്പുരയിൽ കയറി. ഇത് ഒരു സ്ത്രീപക്ഷ കൃതിയാണ്. സ്ത്രീകൾക്ക് അർഹിക്കുന്ന സ്ഥാനം നൽകാതെ സമൂഹം അവരെ രണ്ടാംതരക്കാരായി മാറ്റിനിർത്തി. ഈ വിവേചനത്തെ കുറിച്ചാണ് എഴുതുന്നത്. സ്ത്രീ ശക്തിയെ ആഘോഷിക്കുന്ന പുതിയ നോവൽ എല്ലാ തരം ആസ്വാദകർക്കും ഇഷ്‌ടമാകും. മൂന്നു കഥാപാത്രങ്ങളാണ് ഇപ്പോഴുള്ളത്. നോവലിന് പേര് ഇട്ടിട്ടില്ല. കമ്പ്യൂട്ടറിലെ എഴുത്ത് അവസാനിപ്പിച്ചു. മൊബൈലിൽ ട്രാൻസ്ക്രൈബ് ചെയ്യുകയാണ്. കഥ ഒഴുകിവരുന്നു. എട്ടു മാസത്തിനുള്ളിൽ നോവൽ പൂർത്തിയാകുമെന്ന് മോഹനവർമ്മ പറഞ്ഞു. ചേർത്തല സ്വദേശിയായ അദ്ദേഹം 45വർഷമായി എറണാകുളത്താണ് സ്ഥിരതാമസം. നഗരത്തിലെ കലാ സാഹിത്യസാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമാണ്. സാമ്പത്തിക മേഖലയെ ആധാരമാക്കി ഓഹരി വിപണിയെയും സ്‌പോർട്‌സിനെയും വിഷയമാക്കി നോവലുകൾ രചിച്ചു.
മാധവിക്കുട്ടിയുമായി ചേർന്ന് അമാവാസി എന്ന നോവലും എഴുതി. അവസാനം എഴുതിയ നോവൽ ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയ 'ശിവറാംജിയുടെ ഡയറിക്കുറിപ്പുകൾ' ആണ്.
വരവ് ദൈവത്തിലൂടെ
'ദൈവം' എന്ന ചെറുകഥയിലൂടെയാണ് സാഹിത്യരംഗത്തേക്ക് വന്നത്. 50 നോവലുകൾ, 12കഥാസമാഹാരങ്ങളും എഴുതി. കേരള സാഹിത്യ അക്കാഡമി സെക്രട്ടറി, പൂമ്പാറ്റ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റർ, കൊച്ചി ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള ഹിസ്റ്ററി അസോസിയേഷൻ പ്രസിഡന്റ്, കേരള സാഹിത്യ മണ്ഡലം പ്രസിഡന്റ്, സമസ്ത കേരളസാഹിത്യപരിഷത്ത്, കേരള ഫൈൻ ആർട്‌സ് സൊസൈറ്റി എന്നിവയിലെ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു. ഭാര്യ രാധ. മക്കൾ: സുഭാഷ്,കവിത.