കൊച്ചി: ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന നാവികനെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സെയ്ലറായ ഉത്തർപ്രദേശ് അലിഗഢ് സ്വദേശി തുഷാർ അത്രിയാണ് (19) ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പ്രത്യേക അന്വേഷണത്തിന് നാവിക സേന ഉത്തരവിട്ടു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഹാർബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാത്തുരുത്തി സുരക്ഷാ പോസ്റ്റിലായിരുന്നു തുഷാർ ഡ്യൂട്ടിയിലുണ്ടായിരുന്നത്. സുരക്ഷാ പോസ്റ്റുകളിലെ നാവികർ നിശ്ചിത ഇടവേളയിൽ പരസ്പരം ആശയവിനിമയം നടത്തും. ഇന്നലെ പുലർച്ചെ തുഷാറിനെ സഹപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ പ്രതികരിച്ചില്ല. തുടർന്ന് നൈറ്റ് പട്രോളിംഗ് സംഘം എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
കൈവശമുണ്ടായിരുന്ന ഇൻസാസ് റൈഫിളിൽ നിന്നുള്ള വെടിയേറ്റ് തലയോട്ടി തകർന്ന നിലയിലായിരുന്നു. ഇരുന്ന ശേഷം തോക്ക് തലയിൽ ചേർത്തുവച്ച് സ്വയം വെടിവച്ചതാകാമെന്നാണ് നിഗമനം. റൈഫിളിലെ ബാക്കി തിരകളുടെ എണ്ണം തിട്ടപ്പെടുത്തും. ഫോറൻസിക് സംഘം പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഒന്നര വർഷം മുമ്പാണ് തുഷാർ കൊച്ചിയിൽ എത്തിയത്. ഏപ്രിലിൽ അവധിയിൽ പോയ ഇയാൾ അടുത്തിടെയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി തോന്നിയിട്ടില്ലെന്ന് സഹപ്രവർത്തകർ മൊഴി നൽകി. നാവികസേനാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന തുഷാറിന്റെ ബന്ധുവിന്റെ മൊഴിയും രേഖപ്പെടുത്തി. തുഷാറിന്റെ പിതാവ് അടുത്തിടെയാണ് കൊവിഡ് മുക്തനായതെന്ന് ഇയാൾ അറിയിച്ചു. തുഷാറിന്റെ ഫോൺ വിവരങ്ങളും പരിശോധിക്കും. യു.പിയിൽ നിന്ന് ബന്ധുക്കൾ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.