കൊച്ചി:സുഹൃത്തായ യുവതിയിൽ നിന്നു കടം വാങ്ങിയ 50,000 രൂപ തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഓട്ടോറിക്ഷ തൊഴിലാളിയെ തല്ലിക്കൊന്ന പൊലീസുകാരൻ ഉൾപ്പെടെ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്‌തു.
ഇടപ്പള്ളി നോർത്ത് അംബേദ്കർ റോഡിൽ കണ്ണൻ നിവാസിൽ കൃഷ്ണകുമാറാണ് (കണ്ണൻ-32) കൊല്ലപ്പെട്ടത്.
എറണാകുളം എ.ആർ. ക്യാമ്പിലെ സി.പി.ഒ ഇടപ്പള്ളി നോർത്ത് വൈമേലിൽ ബിജോയ് (35), മരട് നെട്ടൂർ സ്വദേശി സാജിതാ മൻസിലിൽ ഫൈസൽ മോൻ (39), ആലുവ എരമം സ്വദേശികളായ തോപ്പിൽ ഉബൈദ് (25), ഓളിപ്പറമ്പ് അൻസൽ (26), ഇടപ്പള്ളി നോർത്ത് വി.ഐ.പടി ബ്ലായിപ്പറമ്പ് വീട്ടിൽ ഫൈസൽ (40), ഇടപ്പള്ളി കുന്നുംപുറം വടക്കേടത്ത് വീട്ടിൽ സുബീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും.
ഇന്നലെ പുലർച്ചെ ഒന്നരയോടെ ഇടപ്പള്ളി പോണേക്കരയിൽ അമൃത ആശുപത്രിക്ക് സമീപം കുന്നുംപുറം പീലിയാട് വിജനമായ പുഴയോരത്താണ് സംഭവം. കൃഷ്ണകുമാറിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.
കൃഷ്ണകുമാർ പണം നൽകാതെ കബളിപ്പിക്കുന്നതായി യുവതി ഒരു കൂട്ടുകാരിയോട് പറഞ്ഞു. അവർ വിവരം പൊലീസുകാരനായ ബിജോയിയോട് പറഞ്ഞു. ഇയാളാണ് ഫൈസലിന്റെ സഹായം തേടിയത്. കൃഷ്ണകുമാറും ഫൈസലും മറ്റുള്ളവരും സുഹൃത്തുക്കളാണ്. ഫൈസലാണ് കൃഷ്ണകുമാറിനെ പീലിയാട്ടേക്ക് വിളിച്ചുവരുത്തിയത്. പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ കൃഷ്ണകുമാറിനെ ഇരുമ്പ് കമ്പികൊണ്ട് സംഘം ചേർന്ന് മർദ്ദിച്ച് കൊല്ലുകയായിരുന്നു. കരച്ചിലും ബഹളവും കേട്ട് നാട്ടുകാർ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. കൃഷ്ണകുമാറിന്റെ ദേഹമാസകലം മാരകമായ പരിക്കുകളുണ്ട്.
എറണാകുളം സെൻട്രൽ എ.സി.പി കെ.ലാൽജിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രി ഏഴരയോടെ വീട്ടിലെത്തിച്ച മൃതദേഹം ചേരാനെല്ലൂർ വിഷ്ണുപുരം ശ്മശാനത്തിൽ സംസ്കരിച്ചു.
ബിജോയ് പൊലീസിലെ ക്രിമിനൽ
ബിജോയ് ആറ് കേസുകളിൽ പ്രതിയാണ്. പൊലീസ് യൂണിഫോമിൽ മദ്യപിച്ച് ലക്കുകെട്ടതിന് രണ്ട് കേസും വീടുകയറി ആക്രമിച്ച കേസും ഇതിൽപ്പെടും. കുമളി, ആലുവ വെസ്റ്റ്, എറണാകുളം നോർത്ത്, വരാപ്പുഴ, എരുമേലി സ്റ്റേഷനുകളിലാണ് കേസുകൾ. ശബരിമല ഡ്യൂട്ടിക്കായി എരുമേലി സ്റ്റേഷനിൽ എത്തിയപ്പോഴാണ് അവിടെ കേസുണ്ടാക്കിയത്.