അങ്കമാലി: സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന അസാദി കാ അമ്യത് മഹോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മൂക്കന്നൂർ പഞ്ചായത്തിലെ താബോറിൽ ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. റോജി എം.ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ പി.ജോസഫ്, ജില്ലാ പ്രോഗ്രാം ഇപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യുട്ടീവ് എൻജിനിയർ ശ്രീലത, അസി.എക്സിക്യുട്ടീവ് എൻജിനിയർ സാറ സൂര്യ, ലൈജൊ ആന്റു, ലാലി ആന്റു, വി. മോഹനൻ, ടി.എം. വർഗീസ്, ഏല്യാസ് കെ. തരിയൻ, കെ.പി. ബേബി എന്നിവർ പങ്കെടുത്തു. പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം നിർമ്മിച്ചിട്ടുള്ള റോഡുകളുടെ പാർശ്വങ്ങളിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിടെ സഹകരണത്തോടെ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. നെല്ലി, ആര്യവേപ്പ് ,സപ്പോട്ട, ഞാവൽ,നാരകം തുടങ്ങിയവയാണ് പിടിപ്പിക്കുന്നത്. ജില്ലയിലെ 47 റോഡുകളിലായി 55 കിലോമീറ്റർ നീളത്തിലാണ് വൃക്ഷത്തൈകൾ നടുന്നത്.