കൊച്ചി: അരനൂറ്റാണ്ടുമുമ്പ് ലോകത്തിൽ ഏറ്റവും അധികം വ്യവസായ മലിനീകരണം നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത് ജപ്പാനായിരുന്നു. മലിനീകരണത്തിന്റെ ഭൂപടത്തിൽ കൊച്ചിയും ഉണ്ടെന്ന യാഥാർത്ഥ്യം അതേകാലത്ത് പുറത്തുവന്നു. 1971ൽ എറണാകുളം മഹാരാജാസ് കോളേജിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സെമിനാറിലാണ് ഇക്കാര്യം ചർച്ചയായത്. 50 വർഷം മുമ്പ് മഹാരാജാസ് കോളേജിൽ നടന്ന പരിസ്ഥിതി സെമിനാറിന്റെ വാർഷികം ശാസ്ത്രസാഹിത്യപരിഷത്തും കോളേജും ചേർന്ന് ഇന്ന് ആഘോഷിക്കുകയാണ്.
മുന്നേ നടന്ന കൊച്ചി
1972 ജൂൺ അഞ്ചുമുതൽ 16 വരെ സ്റ്റോക്ക് ഹോമിൽ നടന്ന സമ്മേളനമാണ് ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി യോഗം. യു.എന്നിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ 114 രാജ്യങ്ങളും നിരവധി അന്താരാഷ്‌ട്ര സ്ഥാപനങ്ങളും പങ്കെടുത്തു. ഇതിനുശേഷമാണ് ജൂൺ അഞ്ച് അന്താരാഷ്‌ട്ര പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പങ്കെടുത്തു. രാജ്യത്ത് പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ ചർച്ചകളും സെമിനാറുകളും ആരംഭിച്ചത് സ്റ്റോക്ക് ഹോം സമ്മേളനത്തിന് ശേഷമാണ്. അതിനൊക്കെ മുമ്പ് 1971 ൽ മഹാരാജാസിൽ പരിസ്ഥിതി സെമിനാർ നടന്നുവെന്നത് ശ്രദ്ധേയമായ സംഭവമാണ്.
ചർച്ചകൾ, സംവാദങ്ങൾ
1971 ജൂലായ് എട്ടിനാണ് മഹാരാജാസിലെ കെമിസ്‌ട്രി ഗാലറിയിൽ പരിസ്ഥിതിയെയും വികസനത്തെയുംകുറിച്ച് സെമിനാർ നടന്നത്. കൊച്ചി സയൻസ് അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പരിസരമലിനീകരണം എന്ന വിഷയത്തിൽ ഡോ.പി.എസ്. നമ്പൂതിരിപ്പാട് പ്രഭാഷണം നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യനോഗ്രഫിയിലെ ശാസ്ത്രജ്ഞനായിരുന്ന യു.കെ. ഗോപാലൻ, പ്രൊഫ.എം.കെ. പ്രസാദ് എന്നിവരും പങ്കെടുത്തു.
സമ്മേളനം ഓൺലൈനിൽ
വാർഷികത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പത്തുമുതൽ പരിസ്ഥിതി ക്വിസ്, ഗവേഷകർ പങ്കെടുക്കുന്ന സെമിനാർ, പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ സംവാദം എന്നിവയും നടക്കും.