ആലുവ: കാലപ്പഴക്കത്തെത്തുടർന്ന് ആലുവ നഗരത്തിൽ ഭൂഗർഭ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നതും റോഡ് തകരുന്നതും തുടർക്കഥയായിട്ടും നടപടിയെടുക്കാതെ അധികൃതർ. പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് രണ്ട് വർഷം മുമ്പ് പൈപ്പുകൾ എത്തിയിട്ടും പരിഹാരമുണ്ടായില്ല.
റോഡ് കുത്തിപ്പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് നൽകാൻ പണമില്ലാത്തതിന്റെ പേരിലാണ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതെന്നാണ് സൂചന. ആലുവ ടൗൺഹാൾ കവല മുതൽ പാലസ് റോഡ്, പങ്കജം റോഡ്, ബാങ്ക് റോഡ്, മാർക്കറ്റ് റോഡ് തുടങ്ങിയ ഭാഗങ്ങളിലായി നിത്യേനയെന്നോണമാണ് പൈപ്പുകൾ പൊട്ടുന്നത്. പൈപ്പുപൊട്ടി രൂപപ്പെട്ട കുഴിയിൽ ചാടാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ ഇരുചക്രവാഹന യാത്രക്കാരിക്ക് ജീവഹാനി സംഭവിച്ചിട്ടും അധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. പൈപ്പുപൊട്ടി വെള്ളം പാഴാകുന്നതിന് പുറമെ റോഡുകൾ തകരുന്നതും പൊതുഖജനാവാണ് ചോർത്തുന്നതെന്ന് അധികാരികൾ തിരിച്ചറിയുന്നില്ല.
പിന്നിൽ കരാറുകാരെ സഹായിക്കലോ
കാലപ്പഴക്കം ചെന്ന പൈപ്പായതിനാൽ വാട്ടർ അതോറിട്ടി കരാറുകാർക്ക് മുടങ്ങാതെ പണിയുണ്ട്. പൈപ്പുകൾ മാറ്റിയിട്ടാൽ ഇത്തരം കരാറുകാർക്ക് പണിയില്ലാതാകും. കരാറുകാരെ സഹായിക്കാനാണ് പൈപ്പുകൾ മാറ്റാത്തതെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പാലസ് റോഡിൽ പലവട്ടം പൈപ്പുകൾ പൊട്ടിയിരുന്നു. തിങ്കളാഴ്ച പൈപ്പുപൊട്ടിയ എസ്.എൻ.ഡി.പി സ്കൂളിന് സമീപം ഇന്നലെ അറ്റകുറ്റപ്പണി നടത്തി. തുടർച്ചയായി പൈപ്പ് പൊട്ടുന്നിടമായതിനാൽ ഒരു വർഷം മുമ്പാണ് ഇവിടെ മാത്രം ടൈൽ വിരിച്ചത്. അവിടെത്തന്നെയാണ് വീണ്ടും പൊട്ടിക്കൊണ്ടിരിക്കുന്നത്.
ഒച്ചിഴയും വേഗത്തിൽ ഒന്നാംഘട്ടം
2019 നവംബറിൽ ആധുനിക ജലശുദ്ധീകരണ പ്ലാന്റിനായി സർക്കാർ 300 കോടി രൂപ അനുവദിച്ചിട്ടും ഉണരാത്ത വാട്ടർ അതോറിട്ടി അധികാരികളാണ് ആലുവയിലേത്. ടൗൺഹാളിന് പിന്നിൽ സ്വന്തം സ്ഥലത്ത് ക്വാർട്ടേഴ്‌സ് നിർമ്മിക്കുന്നതിനായി 10 കോടിയും നിർദ്ദിഷ്ട ജലശുദ്ധീകരണ പ്ലാന്റിലേക്ക് പെരിയാറിൽ നിന്ന് വെള്ളം എത്തിക്കുന്നതിന് ഭൂഗർഭ പൈപ്പ് സ്ഥാപിക്കുന്നതിന് ഉൾപ്പെടെ 40 കോടി ആദ്യഘട്ടം കൈമാറിയിട്ടും അനങ്ങിയിട്ടില്ല. 2021 മാർച്ച് 31നകം കമ്മീഷൻ ചെയ്യാൻ നിശ്ചയിച്ചിരുന്ന ഒന്നാംഘട്ടം ഒച്ചിഴയും വേഗത്തിലാണ് നീങ്ങുന്നത്.