കൊച്ചി:സ്വർണ ക്വട്ടേഷൻ സംഘങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളുകളാണെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തി യുവാക്കളെ ആകർഷിച്ച് ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി കസ്റ്റംസ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. പാർട്ടിയുടെ പേരെടുത്തു പറയാതെയാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ പരാമർശം.
കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ ചോദ്യം ചെയ്യാൻ ഏഴു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി.സി.ജെ.എം കോടതിയിൽ നൽകിയ അപേക്ഷയിലാണ് പ്രതികളുടെ രാഷ്ട്രീയ മറ കസ്റ്റംസ് എടുത്തു പറഞ്ഞത്. കസ്റ്റംസിന്റെ ആവശ്യം നിരസിച്ച കോടതി പ്രതിയെ ജൂലായ് 13 വരെ എറണാകുളം ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
കസ്റ്റംസ് സൂപ്രണ്ട് മുഖത്തടിച്ചെന്ന് അർജുൻ പരാതി പറഞ്ഞു. ഈ വിവരം കോടതി രേഖപ്പെടുത്തി.
കൊടി സുനി,ഷാഫി സാമ്പത്തിക ഇടപാടുകൾ തേടി കസ്റ്റംസ്
കരിപ്പൂർ സ്വർണ ക്വട്ടേഷന് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ കസ്റ്റംസ് ഇവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ഒരുങ്ങുകയാണ്. കണ്ണൂരിലെ സ്വർണക്കടത്തു സംഘങ്ങൾക്ക് സംരക്ഷണം നൽകുന്നത് കൊടി സുനിയും ഷാഫിയുമാണെന്ന് വ്യക്തമായതായി കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു. ഷാഫിയുടെ വീട്ടിൽ ജൂലായ് മൂന്നിനു നടത്തിയ പരിശോധനയിൽ കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടുതൽ പരിശോധിക്കണം. കൊടിസുനിയുടെ വീട് പൂട്ടിയിട്ടിരുന്നതിനാൽ റെയ്ഡ് നടത്താൻ കഴിഞ്ഞില്ല. 12 വർഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട ഷാഫി പരോളിലാണ്. ഇ
യാളോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഹാജരായേക്കില്ലെന്നാണ് സൂചന.
യൂസഫ് വന്നില്ല
കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിൽ കണ്ണൂർ സ്വദേശി യൂസഫ് കസ്റ്റംസിന് മുന്നിൽ ഇന്നലെ ഹാജരായില്ല. ഒരുവട്ടം കൂടി നോട്ടീസ് നൽകും.
സ്വർണക്കടത്ത്: സ്വപ്നയുടെ ജാമ്യാപേക്ഷ മാറ്റി
കൊച്ചി: നയതന്ത്രചാനൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ജൂലായ് 16 നു പരിഗണിക്കാൻ മാറ്റി. ഹർജിയിൽ വിശദമായ എതിർ സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് ഇന്നലെ അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.