മുളന്തുരുത്തി: കണയന്നൂർ കാർഷിക ഗ്രാമ വികസനബാങ്ക് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ 76 കാർഷിക വികസന ബാങ്കുകളിൽ നിന്നും 2019-20 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിർണയിച്ചത്. കുടിശിക 18.96 ശതമാനത്തിലേക്കും എൻ. പി. എ 18.80 ശതമാനത്തിലേക്കും കൂടാതെ നൂറ് കോടിയിലേക്ക് വായ്പ ബാക്കിനിൽപ് എത്തിക്കാനും ബാങ്കിന് കഴിഞ്ഞിരുന്നതായി ബാങ്ക് പ്രസിഡന്റ് സി.കെ റെജി പറഞ്ഞു. കൊവിഡ് അടക്കമുള്ള പ്രതിസന്ധികൾക്കിടയിലും 47.50 കോടിരൂപ വായ്പ കൊടുക്കുകയും 40 കോടി 56 ലക്ഷം രൂപ കുടിശിക പിരിച്ചെടുക്കാനും കഴിഞ്ഞു. കാർഷിക വായ്പകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിയിലൂടെ ഗ്രാമവികസനം, കാർഷിക ഗ്രാമ വികസനബാങ്ക് എന്നും സാധാരണക്കാരോടൊപ്പം എന്നീ ആശയങ്ങൾ മുൻ നിർത്തി "ജനകീയ കാർഷിക വികസന ബാങ്കിംഗ് പദ്ധതി " കണയന്നൂർ താലൂക്കിലാകെ നടപ്പിലാക്കി. ബാങ്കിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി കുണ്ടന്നൂർ പുതിയ ബ്രാഞ്ച് ആരംഭിച്ചു. നൂതന സാങ്കേതിക വിദ്യയിലേക്കുള്ള ചുവടുവെയ്പ്പ് എന്ന നിലയ്ക്ക് വർഷങ്ങളായി മുടങ്ങികിടന്ന കമ്പ്യൂട്ടറൈസേഷൻ സമയബന്ധിതമായി പൂർത്തീകരിച്ചു. ആരക്കുന്നം എ. പി വർക്കി മിഷൻ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് ബാങ്കിന്റെ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് ''സഹകാരികളുടെ ഒരു കൈത്താങ്ങ് " എന്ന പേരിൽ സൗജന്യ ഡയാലിസിസ് പദ്ധതിയും ആരംഭിച്ചു. എല്ലാവരുടെയും കൂട്ടായ പരിശ്രമഫലമായിട്ടാണ് കണയന്നൂർ കാർഷിക വികസന ബാങ്കിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്നും ബാങ്ക് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് എൻ എൻ. സോമരാജൻ, സെക്രട്ടറി ഷേർലി കുര്യാക്കോസ്, അസിസ്റ്റന്റ് സെക്രട്ടറി സന്ധ്യ. ആർ. മേനോൻ, മാനേജർ സിജു. പി. എസ് എന്നിവരാണ് മറ്റു ചുമതലക്കാർ.
|