മൂവാറ്റുപുഴ: ലോക്ക് ഡൗണിൽ മുടി ദാനം ചെയ്ത് യുവാക്കളും യുവതികളും മാതൃകയാകുന്നു.കാൻസർ രോഗം ബാധിച്ചു കീമോ തെറാപ്പിക്ക് വിധേയമായി മുടി നഷ്ടപ്പെട്ടവർക്കായാണ് മുടി ദാനം ചെയ്യുന്നത്.ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റേയും ക്ലബുകളുടെയും നേതൃത്വത്തിൽ ആരംഭിച്ച ഹെയർ ബാങ്ക് പദ്ധതിയിലേക്ക് ഇതിനകം നിരവധി പേർ മുടി ദാനം ചെയ്തു.അർബുദബാധിതരായവരിൽ ആത്മവിശ്വാസം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈസ്റ്റ് മാറാടി സ്വദേശിയും മെക്കാനിക്കൽ എൻജിനീയറുമായ സിറിൽ സാബു, വാഴപ്പിള്ളി സ്വദേശിയും സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയുമായ കിരൺ സജീവ്,ആരക്കുഴ സ്വദേശിയും സേലം കാവേരി എൻജിനീയറിംഗ് കോളേജിലെ കെമിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയുമായ എബിൻ ബന്നി, ഫോറൻസിക് സയൻസ് വിദ്യാർത്ഥിനി സനിക സജി.നാലാം ക്ലാസുകാരി നിരഞ്ജന അരുൺ, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നന്ദന രാജേഷ്, നഴ്സിംഗ് വിദ്യാർത്ഥിനി സനിത സജി, വീട്ടമ്മമാരായ ജസി. അനു തുടങ്ങിയവരാണ് ആദ്യഘട്ടത്തിൽ തലമുടി ദാനം ചെയ്തത്.
മാറാടിയിലെ സ്റ്റയിൽ ബ്യൂട്ടി പാർലർ ആൻഡ് സ്റ്റിച്ചിംഗ് ഉടമ ഡെൽസി വർഗീസിന്റെ സഹായത്തോടെയാണ് പെൺകുട്ടികളുടെ തലമുടി മുറിച്ചത്. തൃശൂർ അമല മെഡിക്കൽ കോളേജിലെ 'കേശദാനം സ്നേഹദാനം ' എന്ന പരിപാടിയുടെ ഭാഗമായാണ് വിദ്യാർത്ഥിനികൾ മുടി ദാനം ചെയ്തത്. തങ്ങൾ പരിപാലിച്ച് വളർത്തിയ മുടിയിൽ നിന്നാണ് 25 മുതൽ 30 സെന്റിമീറ്ററോളം നീളത്തിൽ മുറിച്ച് ദാനം ചെയ്തത്. ദാനം ചെയ്ത ഈ മുടികൊണ്ട് വിഗ് നിർമ്മിച്ച് സൗജന്യമായി മുടി നഷ്ടപ്പെട്ട കാൻസർ രോഗികൾക്ക് നൽകാനാണ് പദ്ധതി.
കൊവിഡും ലോക്ക് ഡൗണും കാരണം ബാർബർഷോപ്പുകൾ അടഞ്ഞ് കിടന്ന സാഹചര്യത്തിൽ സമൂഹത്തിന് തന്നെ മാതൃകയായ യുവതയാണ് ഹെയർ ബാങ്കുമായി മുന്നോട്ടുവന്നത്. സന്മനസുള്ള ആർക്കും തലമുടി ദാനം ചെയ്യാം.
സമീർ സിദ്ദീഖി,പ്രോഗ്രാം ഓഫീസർ
ഹെയർ ബാങ്കിലേയ്ക്ക് തലമുടി ദാനം ചെയ്യാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക 9447220332