വീണ്ടും പരിശോധന നടത്തി ഇറിഗേഷൻ വകുപ്പ്


കൊച്ചി: കൊച്ചി കായലിന് ഭീഷണിയായ വടുതലയിലെ താല്കാലിക ബണ്ടു പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ റിപ്പോർട്ട് ഇന്ന് കോടതിയിൽ. റെയിൽവേ പാലം നിർമ്മിച്ച അഫ്‌കോൺസ് കമ്പനിയുടെ വിവരങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
നിർമ്മാണ കമ്പനിയെക്കുറിച്ചും നിർമാണ കാലയളവിനെ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് റെയിൽവേയുടെ റിപ്പോർട്ടിലുള്ളത്. പകർപ്പ് കളക്ടർക്കും നൽകിയിട്ടുണ്ട്. കണ്ടെയ്നർ ടെർമിനലിലേക്കുള്ള റെയിൽപ്പാത നിർമ്മിക്കാനായി തീർത്ത ബണ്ട് പൊളിച്ചു നീക്കാത്തതിനാൽ പത്ത് വർഷത്തോളമായി പെരിയാറിൽ വെള്ളപ്പൊക്കത്തിനും മലിനീകരണത്തിനും കാരണമാവുകയാണ്. മണ്ണും ചെളിയും നിറഞ്ഞിരിക്കുന്നതിനാൽ വടുതല ഡോൺബോസ്‌കോ മുതൽ ഡി കൊച്ചിൻ ദ്വീപ് വരെയുള്ള 20ൽ 18 തൂണുകളുടെ ഇടയിലൂടെയും ഡി കൊച്ചിൻ ദ്വീപ് മുതൽ മുളവ്കാട് വരെയുള്ള 13ൽ 10 തൂണുകൾക്കിടയിലൂടെയും മത്സ്യബന്ധന യാനങ്ങൾക്ക് പോകാനാകില്ല.

 വീണ്ടും പരിശോധന നടത്തി

ജലവിഭവ വകുപ്പ് ഇന്നലെ വീണ്ടും പ്രദേശത്ത് പരിശോധന നടത്തി. വടുതലയ്ക്കും ഡി- കൊച്ചിൻ ദ്വീപിനും ഇടയിലുള്ളതുപോലെ തന്നെ ഡി-കൊച്ചിൻ ദ്വീപ് മുതൽ മുതൽ മുളവുകാട് വരെയുള്ള ഭാഗത്തും ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞതായി അധികൃതർ വ്യക്തമാക്കി. കോടതി കേസ് പരിഗണിക്കുമ്പോൾ പുതിയ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ കൂടി വ്യക്തമാക്കുമെന്നും ജലവിഭവ വകുപ്പ് അറിയിച്ചു.

 നിർദേശങ്ങൾ ഒരു മാസത്തിനകം

ജലവിഭവ വകുപ്പിന്റെ നിർദേശങ്ങൾ പഠിച്ച് എന്തെങ്കിലും പരിഹാര മാർഗം നിർദേശിക്കാനുണ്ടോ എന്ന് സതേൺ റെയിൽവേ അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് ഒരു മാസത്തെ സമയപരിധിയാണ് നൽകിയിട്ടുള്ളത്.

 റിപ്പോർട്ടിലെ ശുപാർശകൾ

1. ചെളി മാറ്റുന്നതിന് സമീപ ദ്വീപുകളിൽ സ്ഥലം കണ്ടെത്തണം

2. കണ്ടെയ്‌നർ ടെർമിനൽ നടത്തിപ്പുകാരായ ഡി.പി വേൾഡ്, റെയിൽപാത നിർമാണം കരാറെടുത്ത അഫ്‌കോൺസ് കമ്പനി എന്നിവരെയും മാലിന്യനീക്കം പദ്ധതിയുടെ ഭാഗമാക്കണം.

 അമിക്കസ്‌ക്യൂറി സന്ദർശിക്കും
സ്ഥലം സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കോടതി അമിക്കസ്‌ക്യൂറിയോട് നിർദേശിച്ചിരുന്നു. അമിക്കസ്‌ക്യൂറി സുനിൽ ജേക്കബ് ജോസ് അടുത്ത ദിവസം സ്ഥലം സന്ദർശിക്കും.

 താത്കാലിക ബണ്ട് മൂലം അടഞ്ഞത്
വടുതല ഡോൺ ബോസ്‌കോ മുതൽ ഡി കൊച്ചിൻ ദ്വീപ് വരെ - ആകെയുള്ള 850ൽ 750 മീറ്റർ
ഡി കൊച്ചിൻ ദ്വീപ് മുതൽ മുളവുകാട് വരെ - ആകെയുള്ള 650ൽ 550 മീറ്റർ


 ഇപ്പോൾ നൽകിയിരിക്കുന്നത് നിർമ്മാണ കമ്പനിയേക്കുറിച്ചുള്ള റിപ്പോർട്ട് ആണ്. വിഷയത്തിൽ ജലവിഭവ വകുപ്പിന്റെ റിപ്പോർട്ട് പഠിച്ച് കോടതി നിഷ്‌കർഷിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ നിർദേശങ്ങൾ ഉൾപ്പെടുത്തിയ വിശദ റിപ്പോർട്ട് സമർപ്പിക്കും. നിതിൻ നോബർട്ട്, റെയിൽവേ ഏരിയാ മാനേജർ.