p-predeep
പി.പ്രദീപ്

വൈക്കം: സി.പി.ഐയിലെയും എ.ഐ.വൈ.എഫിലെയും സന്നദ്ധ പ്രവർത്തകർക്ക് പൊലീസുകാരോട് അഭ്യർത്ഥിക്കാനുള്ളത് ഇതാണ്: കൊവിഡ് കാലത്ത് ജനങ്ങൾ സംഭ്രാന്തിയിലും അരക്ഷിതത്വത്തിലും നിൽക്കെ ജനോപകാര പ്രവർത്തനങ്ങൾ ചെയ്യുന്ന ചെറുപ്പക്കാരെ ദയവായി ദ്രോഹിക്കരുത്. കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുകയെന്ന തികച്ചും മാനുഷികമായ കടമ നിർവഹിക്കാൻ മാത്രമാണ് ഞങ്ങൾ പോയത്. രണ്ട് എം.എൽ.എമാർ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. എന്നിട്ടും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് പറഞ്ഞ് തടഞ്ഞുവച്ചതും കേസെടുത്ത് പിഴയടപ്പിച്ചതും എന്ത് കർത്തവ്യ നിർവഹണമാണ്?

കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാൻ പോയ സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടേറിയ​റ്റംഗം ആർ.ബിജുവിനും ഏതാനും എ.ഐ.വൈ.എഫ് പ്രവർത്തകർക്കുമാണ് പൊലീസിന്റെ ഭാഗത്തു നിന്ന് അടുത്തിടെ ദുരനുഭവം ഉണ്ടായത്.

മേയ് 7,8 തീയതികളിലായി മറവന്തുരുത്ത് സ്വദേശികളായ ദമ്പതികൾ എറണാകുളത്തെ ആശുപത്രിയിൽ കൊവിഡ് ബാധിച്ചു മരിച്ചു. 7 ന് മരിച്ച ഭർത്താവിന്റെ മൃതദേഹം തൃപ്പൂണിത്തുറ നഗരസഭാ ശ്മശാനത്തിൽ തലയോലപ്പറമ്പിൽ നിന്നെത്തിയ എ.ഐ.വൈ.എഫ് പ്രവർത്തകരാണ് സംസ്‌കരിച്ചത്. പിറ്റേന്ന് മരിച്ച ഭാര്യയുടെ സംസ്‌കാരത്തിനായി പി.പി.ഇ കി​റ്റടക്കമുള്ള സാമഗ്രികളുമായി പോകുമ്പോഴാണ് ഉദയംപേരൂരിൽ എ.ഐ.വൈ.എഫ് ഭഗത്സിംഗ് യൂത്ത് ഫോഴ്‌സിന്റെ വാഹനം പൊലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ തടഞ്ഞത് . ബിജുവടക്കം നാല് സന്നദ്ധ പ്രവർത്തകർ വാഹനത്തിലുണ്ടായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നടത്താൻ പോവുകയാണെന്ന് പറഞ്ഞിട്ടും ഇൻസ്പെക്ടർ വഴങ്ങിയില്ല. എം.എൽ.എ മാരായ സി. കെ.ആശയും കെ.ബാബുവും ഫോണിൽ ബന്ധപ്പെട്ട് ഇവർ സന്നദ്ധ പ്രവർത്തകരാണെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷമേ വിട്ടയച്ചുള്ളൂ.

അതവിടെ തീർന്നു എന്നു കരുതിയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ബിജുവിന്റെ പേരിൽ തൃപ്പൂണിത്തുറ കോടതിയിൽ നിന്ന് അറിയിപ്പു വരുന്നത്. അന്നത്തെ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പിഴ അടയ്ക്കണമെന്നുമായിരുന്നു അറിയിപ്പ്. തുടർന്ന് ബിജു പിഴയടച്ച് കേസൊഴിവാക്കി.