മൂവാറ്റുപുഴ: നഗരസഭാ പ്രദേശത്തെ പുരാതന തോടുകൾ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുവാറ്റുപുഴ മുനിസിപ്പൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കൗൺസിലർമാർ അവതരിപ്പിച്ച വിവിധ പ്രമേയങ്ങൾ കൗൺസിൽ അംഗീകരിച്ചു. തോട് നവീകരണത്തിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് മൈനർ ഇറിഗേഷൻ വകുപ്പിനോടാണ് ആവശ്യപെട്ടത്. നിരവധിപേർക്ക് പ്രയോജനം ലഭിക്കുന്ന കടാതി, മണ്ണാൻ കടവ്, കിഴുക്കാവിൽ, മണിയൻ തോടുകളുടെ നവീകരണം ഉടൻ നടത്തണമെന്നാണ് കൗൺസിൽ ആവശ്യപ്പെത്. നഗരസഭ ചെയർമാൻ പി.പി. എൽദോസ് കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവൻ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.

തോടുകളുടെ സംരക്ഷണഭിത്തി നിർമ്മിക്കുകയും മാലിന്യം നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിന് നടപടി വേണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. നഗരമേഖലയിൽ സ്വാഭാവിക തോടുകളുടെ സംരക്ഷണം ആവാസവ്യവസ്ഥ തകരാതിരിക്കാൻ അനിവാര്യമാണ്. മാത്രമല്ല ഈ തോടുകളെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. കുളിക്കുന്നതിനും മൃഗങ്ങളുടെ ആവശ്യത്തിനും കൃഷി ആവശ്യത്തിനും ഇവിടെനിന്നാണ് വെള്ളം ശേഖരിക്കുന്നത്. നഗരത്തിലെ ശേഷിക്കുന്ന വയലുകൾ കൃഷിയോഗ്യമാക്കാനും ഈ തോടുകൾ ഏറെ സഹായകരമാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി പ്രകൃതിദത്ത ജലസ്രോതസുകൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് കൗൺസിൽ യോഗം ആവശ്യപ്പെട്ടു.