cow

കോലഞ്ചേരി: മക്കൾ ഒന്നല്ല രണ്ടാണ്. ഇരട്ട പെൺ കിടാക്കൾക്ക് ജന്മം നല്കിയ പശു നാടിന് കൗതുകമായി. കോലഞ്ചേരിക്കടുത്ത് കടമറ്റത്താണ് ഇരട്ടി സന്തോഷമുള്ള സംഭവം നടന്നത്. ക്ഷീര കർഷകനായ വല്യാംകുഴിയിൽ ജോയി യുടെ ഉടമസ്ഥതയിലുള്ള എച്ച്.എഫ് ഇനത്തിൽപ്പെട്ട പശുവാണ് ഇരട്ട പെൺകിടാക്കളെ പ്രസവിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ 2 നായിരുന്നു പ്രസവം. ആദ്യത്തെ കുഞ്ഞ് പെറ്റുവീണ് ഒന്നര മണിക്കൂർ പിന്നിട്ട ശേഷമാണ് രണ്ടാമത്തെ കുഞ്ഞും പിറന്നത്. പശുവിന്റെ രണ്ടാമത്തെ പ്രസവമാണെന്നും പശുവിനെ നോക്കിയ ഡോക്ടർ അടക്കം നിരവധിയാളുകളാണ് വാർത്തയറിഞ്ഞ് സന്തോഷം പങ്കിടാൻ എത്തിയതെന്നും ജോയി ചേട്ടൻ പറയുന്നു.