കൊച്ചി: ഇ.കെ വിഭാഗം സമസ്തയും സി.പി.എമ്മും കൂടുതൽ അടുക്കുന്നു. മുസ്ലിംലീഗ് രാഷ്ട്രീയത്തിൽ വൻ പ്രത്യാഘാതം സൃഷ്ടിച്ചേക്കാവുന്ന ഈ നീക്കം ലീഗ് നേതൃത്വം ഏറെ നെഞ്ചിടിപ്പോടെയാണ് നോക്കിക്കാണുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഖബറടക്കം മതാചാരപ്രകാരം അനുവദിച്ച് സംസ്ഥാന സർക്കാർ എടുത്ത തീരുമാനം സമസ്തയുടെ ഇടപെടൽ മൂലമായിരുന്നു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ല്യാരും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്നായിരുന്നു മൃതദേഹം വീടുകളിൽ കൊണ്ടുവരാനും മതാചാരപ്രകാരം കർമ്മങ്ങൾ നടത്തി കബറടക്കം നടത്താനും അനുവാദം നൽകിയത്. ഈ തീരുമാനത്തിന് ഇരുവരും മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.

മുസ്ലിംലീഗ് വിലക്കി,

സമസ്ത പങ്കെടുത്തു

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കേരള പര്യടനത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ പങ്കെടുക്കുന്നതിന് ക്ഷണം ലഭിച്ചപ്പോൾ സമസ്ത നേതാക്കൾ പങ്കെടുക്കുന്നതിനെ മുസ്ലിംലീഗ് നേതൃത്വം വിലക്കിയിരുന്നു. എന്നാൽ, സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കവും കെ. മോയിൻ കുട്ടിയും യോഗത്തിൽ പങ്കെടുത്തു.

വനിതയെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയാക്കുന്നതിനെ സമസ്തയും വിലക്കിയിരുന്നു. അങ്ങനെ സംഭവിച്ചാൽ ഫലം മുസ്ലിംലീഗ് നേതൃത്വം അനുഭവിക്കേണ്ടി വരുമെന്ന് സമസ്ത മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എതിർപ്പ് വകവയ്ക്കാതെ വനിതയെ സ്ഥാനാർത്ഥിയാക്കിയ ലീഗ് നേതൃത്വത്തിന് സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്ത് നഷ്ടപ്പെടുകയും ചെയ്തു.