കൊച്ചി: ഇമ്രാന്റെ ചികിത്സയ്ക്കായി സർക്കാരിന്റെ സഹായം തേടി പിതാവ് ആരിഫ് നൽകിയ ഹർജിയിൽ കുട്ടിയെ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ വിദഗ്ദ്ധ ഡോക്ടർമാരുൾപ്പെട്ട അഞ്ചംഗ പാനൽ തയ്യാറാക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ഇന്നു രാവിലെ പാനൽ നൽകണം. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് പാനലിലുണ്ടാകണമെന്നും ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ ആവശ്യപ്പെട്ടു.

ഇമ്രാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്. കണ്ണൂരിലെ ഒന്നര വയസുകാരൻ മുഹമ്മദിനു വേണ്ടി 18 കോടി രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ചതുപോലെ ചെയ്യാനാവുമോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ഈ മരുന്ന് നൽകണമെങ്കിൽ കുട്ടി 16 മണിക്കൂർ വെന്റിലേറ്ററിന് പുറത്തു കഴിയണമെന്നും നിലവിൽ അതിന് കഴിയില്ലെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഇത്തരമൊരു വ്യവസ്ഥയില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. തുടർന്നാണ് വിദഗ്ദ്ധ പാനലിനെ നിയോഗിച്ചത്. കേരളത്തിൽ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് 102 പേർ ചികിത്സയിലുണ്ടെന്നും ചികിത്സാ സഹായത്തിന് എട്ട് അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അഭിഭാഷക അറിയിച്ചു.