കൊച്ചി: ഒരു പിറന്നാൾ കേക്കാണ് മൂന്ന് വിദ്യാർത്ഥികളുടെ ആകസ്മിക മരണത്തിൽ കലാശിച്ചതെന്നോർക്കുമ്പോൾ കോന്തുരുത്ത്, നെട്ടൂർ നിവാസികളുടെ ദു:ഖം അടങ്ങുന്നില്ല.

തിങ്കളാഴ്ച വൈകിട്ട് തേവര കായലിൽ ഫൈബർ വഞ്ചി മറിഞ്ഞുണ്ടായ ദുരന്തത്തിലാണ് നെട്ടൂർ ബീന മൻസിൽ നവാസ് - ഷമീല ദമ്പതികളുടെ മക്കളും വിദ്യാർത്ഥികളുമായ അഷ്ന (22), ആദിൽ (18), കോന്തുരുത്തി മണലിൽ പോൾ- ഹണി ദമ്പതികളുടെ മകൻ എബിൻ (20) എന്നിവർ മുങ്ങിമരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹ‌ൃത്ത് പ്രവീണിനെ ദുരന്തം കണ്ട് ഓടിയെത്തിയ നാട്ടുകാരൻ രക്ഷപ്പെടുത്തി.

പെരുമ്പാവൂർ നാഷണൽ കോളേജിലെ ബി.എഡ് വിദ്യാർത്ഥിനിയായ അഷ്ന വീട്ടിൽ വെറുതെയിരിക്കുന്ന സമയത്ത് ഓർഡർ അനുസരിച്ച് കേക്ക് നിർമിച്ചു കൊടുക്കാറുണ്ടായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ അഷ്നയുടെ സഹപാഠിയും സഹോദരൻ ആദിലിന്റെയും എബിന്റെയും സുഹൃത്തുമായ പ്രവീൺ ഓർഡർ ചെയ്ത കേക്ക് നൽകാൻ പോയപ്പോഴാാണ് ദുരന്തം മൂവരേയും തട്ടിയെടുത്തത്. കായലിന് ഇരുകരയിലുമായാണ് കുട്ടികൾ താമസിക്കുന്നത്. കോന്തുരുത്തിയിലെ അയൽവാസികളായ എബിനും പ്രവീണും അഷ്നയുടെ പക്കൽനിന്ന് കേക്കുവാങ്ങാൻ ഫൈബർ വള്ളത്തിൽ നെട്ടൂരിലേക്ക് പുറപ്പെട്ടു. ഈ സമയം കേക്കുമായി നെട്ടൂർ കടവത്ത് കാത്തുനിന്ന അഷ്നയും ആദിലും വള്ളത്തിൽ കയറാൻ ആഗ്രഹം പ്രകടിപ്പിച്ചു. നാലുപേരും കയറിയ വള്ളം അല്പദൂരം പോയപ്പോഴേക്കും കായലിൽ ഉലഞ്ഞ് മറിയുകയായിരുന്നു. കഷ്ടിച്ച് രണ്ടുപേർക്കുമാത്രം കയറാവുന്ന വള്ളത്തിൽ നാലുപേർ കയറിയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു.

അഷ്നയുടെയും ആദിലിന്റെയും വേർപാടിലൂടെ ബീന മൻസിലിൽ നവാസ് - ഷമീല ദമ്പതികളുടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു.അടുത്ത കാലത്ത് വീട് പുതുക്കി പണിത നവാസ് മകളുടെ നിക്കാഹിനുള്ള ആലോചനകളുടെ തിരക്കിലുമായിരുന്നു. ബി.എഡ്. കഴിഞ്ഞ് ജോലി കിട്ടിയിട്ട് വിവാഹം മതിയെന്നായിരുന്നു അഷ്നയുടെ നിലപാട്. എങ്കിലും ഒരു കരുതൽ എന്ന നിലയിൽ മുന്നൊരുക്കങ്ങൾ നടത്തിവരവെയാണ് കുടുംബത്തിന്റെ പ്രതീക്ഷതകർത്തുകൊണ്ട് രണ്ടുമക്കളും ഒരുമിച്ച് ഇല്ലാതായത്. 15 വർഷം ഗൾഫിൽ ആയിരുന്ന നവാസ് കുറേ കാലമായി നാട്ടിൽ ട്രാവൽ എജൻസി നടത്തുകയാണ്.

എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് നാലരയോടെ ഇരുവരുടെയും മൃതദേഹങ്ങൾ ബീന മൻസിലിൽ എത്തിച്ചു. രാവിലെ മുതൽ വീർപ്പടക്കി കാത്തുനിന്ന ബന്ധുക്കളും നാട്ടുകാരായ സ്ത്രീകളും അലമുറയിട്ടു. ഇതിനിടയിൽ മോഹലസ്യപ്പെട്ട് വീണ ഷമീലയെ ആശുപത്രിയിലേക്ക് മാറ്റിയശേഷം കുട്ടികളുടെ മൃതദേഹം വൈകിട്ട് 6 മണിയോടെ നെട്ടൂർ കൊടികുത്തി പള്ളി കബർസ്ഥാനിൽ സംസ്കരിച്ചു.

ഇവർക്കൊപ്പം അകാലത്തിൽപൊലിഞ്ഞ എബിൻ നല്ലൊരു ഫുട്ബോൾ പ്ലെയറും ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയുമായിരുന്നു. നാഷണൽ മീറ്റിൽ ഉൾപ്പെടെ കളിച്ചിട്ടുള്ള താരമാണ് എബിൻ. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി. ഷിപ്പ് യാർഡിൽ ഉദ്യോഗസ്ഥനായ പോളിന്റെയും പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഹണിയുടെയും മകനാണ്. സഹോദരൻ: ആൽബിൻ.