പെരുമ്പാവൂർ: റവന്യു ഉത്തരവ് മറയാക്കി സംസ്ഥാനത്ത് നടന്ന മരംകൊള്ളയിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പെരുമ്പാവൂർ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി.ജലീൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എ.സലിം ഉദ്ഘാടനം ചെയ്തു. കേരളം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ കൊള്ളയാണ് മരം കൊള്ളയെന്നും ഇപ്പോൾ പുറത്തു വന്നിട്ടുള്ള കൊള്ളയ്ക്ക് പിന്നിൽ ശക്തമായ ഗൂഢാലോചനയും കൃത്യമായ ആസൂത്രണവും നടന്നിട്ടുണ്ടെന്നത് വ്യക്തമാണന്നും പി.എ.സലിം പറഞ്ഞു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കണമെന്നും സമരത്തിൽ യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ ടി.എ.ഫാസിൽ, വൈസ് പ്രസിഡന്റുമാരായ കെ.എ.ഷുഹൈബ്, കബീർ നത്തേക്കാട്ട്, പി.എ.ഷിഹാബ്, കെ.എച്ച്.അസ്ഹർ, സെക്രട്ടറിമാരായ ടി.എം.ഹാഷിം, പി.എം.മാഹിൻകുട്ടി, വി.എച്ച്. അബ്ദുൽ ഗഫൂർ, കെ.എച്ച്.ഷഹബാസ്, കെ.എം.അബ്ദുൽ കരിം തുടങ്ങിയവർ പങ്കെടുത്തു.