മൂവാറ്റുപുഴ: ഡോ. പി.വി.വിശ്വനാഥൻ നമ്പൂതിരി രചിച്ച സനാതനസുധ ഗ്രന്ഥത്തിന്റെ പ്രകാശനം ചിന്മയ മിഷൻ കേരള റീജിയൻ ഹെഡ് പൂജ്യ സ്വാമി വിവിക്താനന്ദ സരസ്വതി നിർവഹിച്ചു. പൂർണമായും ഓൺലൈൻ മാദ്ധ്യമത്തിലൂടെ നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യ പ്രതി കൈതപ്രം വാസുദേവൻ നമ്പൂതിരി സ്വീകരിച്ചു. മൂവാറ്റുപുഴ തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്‌കൂൾ ഒഫ് ലൈഫും പത്തനംതിട്ട ജില്ല കേന്ദ്രമായ ഗീതാപ്രചാരകസമിതിയും സംയുക്തമായി കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെ നടത്തിയ 51 സനാതനർമ പരിചയ ക്ലാസുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കോട്ടയം തൃക്കൈക്കാട്ടു സ്വാമിയാർമഠം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രസരം പബ്ലിക്കേഷൻസിന്റെ സഹകരണത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രകാശനച്ചടങ്ങിൽ സ്വാമിയാർമഠം ട്രസ്റ്റ് ഉപാദ്ധ്യക്ഷൻ മധുസൂദനൻ സി.പി അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥകർത്താവ് ഡോ. പി.വി.വിശ്വനാഥൻ നമ്പൂതിരി മറുപടി പ്രസംഗം നടത്തി. സനാതന സ്‌കൂൾ ഒഫ് ലൈഫ് ഡയറക്ടർ നാരായണശർമ,സ്വാമിയാർ മഠം ട്രസ്റ്റ് അംഗം ബി.വി.എൻ.നമ്പൂതിരി എന്നിവർ സംസാരിച്ചു.