തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ താത്കാലിക ജീവനക്കാരുടെ നിയമനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ റവന്യു വിഭാഗത്തിൽ പ്രവർത്തനം ഉച്ചവരെ സ്തംഭിപ്പിച്ചു. ഇന്നലെ രാവിലെ 9.30 ഓടെ റവന്യൂ വിഭാഗത്തിലെ താത്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവർ ജോലിക്കെത്തിയപ്പോഴാണ് ഇടതുപക്ഷ കൗൺസിലർമാർ തടസപ്പെടുത്തിയത്. ചട്ടവിരുദ്ധ നിയമനമാണെന്നാരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ ദിവസങ്ങൾക്ക് മുമ്പ് നിയമിച്ച താത്കാലിക ജീവനക്കാരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു. അവർ അതിന് പുറത്തിറങ്ങാൻ തയാറാവായതോടെ പ്രതിപക്ഷ വനിതാ കൗൺസിലർമാരായ ഉഷാ പ്രവീൺ, അജ്ജുന ഹാഷിം, റസിയ നിഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇവർക്ക് നേരെ പ്രതിക്ഷേധവുമായി രംഗത്തെത്തി.
യു.ഡി.എഫ് കൗൺസിലർമാരായ റാഷിദ് ഉള്ളംപള്ളി, ഷാജി വാഴക്കാല, ദിനൂപ് ടി.ജി, പി.എം.യുനിസ് എന്നിവർ പ്രതിഷേധത്തിനെതിരെ രംഗത്തുവന്നത് ചെറിയതോതിൽ വാക്കേറ്റത്തിൽ കലാശിച്ചു. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ബഹളം തൃക്കാക്കര പൊലീസ് ഇടപെട്ടാണ് ഒഴിവാക്കിയത്. പിന്നീട് ചെയർപേഴസൺന്റെ സാന്നിദ്ധ്യത്തിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാർ യോഗം ചേർന്നുവെങ്കിലും തീരുമാനത്തിലെത്താതെ പിരിയുകയായിരുന്നു. സർക്കാരിലും തദ്ദേശ സ്വയംഭരണ വകുപ്പിലും അറിയിച്ച് പത്രപരസ്യത്തിലൂടെ അപേക്ഷ സ്വീകരിച്ച് അതിൽ ഇന്റർവ്യൂ നടത്തിയാണ് ദിവസ വേതനത്തിലൂടെ താത്കാലിക നിയമനം നടത്തിയതെന്ന് ചെയർപേഴ്സൺ അജിത തങ്കപ്പൻ പറഞ്ഞു.