1

പള്ളുരുത്തി: വിവാഹ സൽക്കാരം പാവങ്ങളോടൊപ്പം ഭക്ഷണം കഴിച്ച് മാതൃകയായി നവവരനും വധുവും. കുമ്പളങ്ങി പുളിക്കൽ വീട്ടിൽ ഹെൻട്രിയുടെ മകൻ കെൽവിൻ പോളും പള്ളുരുത്തി കളപ്പറമ്പിൽ അഗസ്റ്റിന്റെ മകൾ അഹാന എന്ന മീനുവിന്റെയും വിവാഹമാണ് ഇന്നലെ നടന്നത്. കുമ്പളങ്ങി സെന്റ് ജോസഫ് ദേവാലയത്തിൽ ഫാ.അനൂപ് പോൾ ബ്ളാപറമ്പിലിന്റെ കാർമ്മികത്വത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. പള്ളുരുത്തി കൊത്ത ലിംഗോ ബ്രദേഴ്സ് ആശ്രമത്തിൽ വിവരം മുൻകൂട്ടി അറിയിച്ചാണ് വധൂവരന്മാർ എത്തിയത്. തുടർന്ന് ഉച്ചഭക്ഷണവും മറ്റും ഇവിടത്തെ താമസക്കാർക്കൊപ്പം കഴിച്ച് പാട്ട് പാടി ആഘോഷം പങ്കിട്ടു. വീട്ടുകാരെയും സുഹുത്തുക്കളെയും ഒഴിവാക്കിയാണ് ഇവർക്കൊപ്പം സന്തോഷത്തിൽ പങ്ക് ചേർന്നത്. വിദേശത്ത് ജോലിയുള്ള കെൽവിൻ കൊവിഡ് വ്യാപനംമൂലം മൂന്ന് തവണ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. തുടർന്നാണ് ആർഭാടം ഒഴിവാക്കി ഇങ്ങനെ ഒരു തീരുമാനം വരനും വധുവും ചേർന്ന് എടുത്തത്. പള്ളിവികാരിയും ഇവർക്കൊപ്പം അന്തേവാസികളോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.