കൊച്ചി: വെറും ആറുമണിക്കൂർ. ചേരാനെല്ലൂർ കൃഷ്ണകുമാർ കൊലക്കേസിലെ ആറു പ്രതികളെയും തൂക്കിയെടുക്കാൻ പൊലീസിന് വേണ്ടിവന്നത് ഇത്രയും സമയം മാത്രം. ഉപയോഗിക്കാതെ കിടന്ന വാഹനത്തിന്റെ നമ്പറാണ് പ്രതികളിലേക്ക് എത്തിച്ചത്. കൊല നടന്ന സ്ഥലത്തു നിന്ന് നിലവിളി ശബ്ദം കേട്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ സ്ഥലം വിട്ടിരുന്നു. ഇതിനിടെയാണ് ഉപയോഗിക്കാതെ കിടന്ന വാഹനത്തിന്റെ നമ്പർ ഒരാൾ പൊലീസിനെ അറിയിക്കുന്നത്. ഈ വാഹനം തേടിയുള്ള അന്വേഷണം അവസാനിച്ചത് ബിജോയുടെ വീട്ടിൽ. ബിജോയുടെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്തയോടെയാണ് കൊലപാതകത്തെക്കുറിച്ചും മറ്റ് സംഘാംഗങ്ങളെക്കുറിച്ചും വിവരം ലഭിച്ചത്. പുലർച്ചെ മൂന്നോടെ ആലുവ ചൂണ്ടിയിലുള്ള ഫൈസലിന്റെ ഒളിത്താവളം കണ്ടെത്തി പിടികൂടുകയായിരുന്നു. അഞ്ചോടെ മറ്റ് നാലുപേരെയും അറസ്റ്റ് ചെയ്തു. എറണാകുളം സെൻട്രൽ എ.സി.പി കെ.ലാൽജി, സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്.വിജയ്ശങ്കർ, ചേരാനെല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ കെ.ജി.വിപിൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.