കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവർ അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ. സൂരജ് നൽകിയ ഹർജിയിൽ സർക്കാർ സ്റ്റേറ്റ്മെന്റ് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പൊതുസേവകർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനും കേസ് രജിസ്റ്റർ ചെയ്യാനും മുൻകൂർ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് വിജിലൻസ് കേസെടുത്തതെന്നാരോപിച്ചാണ് സൂരജ് ഹർജി നൽകിയത്. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ വിശദമായ സ്റ്റേറ്റ്മെന്റ് നൽകാൻ സമയം വേണമെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പി. നാരായണൻ ആവശ്യപ്പെട്ടു. അതിനിടെ അന്തിമ റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കരുതെന്ന് ഹർജിക്കാരൻ വാദിച്ചു. കേസ് നിലനിൽക്കില്ലെന്നു വന്നാൽ അന്തിമ റിപ്പോർട്ടിന് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഹർജി 13ലേക്ക് മാറ്റി.