കൊച്ചി: എൻ.സി.സി, സ്കൗട്ട്, നാഷണൽ സർവീസ് സ്കീം തുടങ്ങിയവയിൽ പ്രവർത്തിച്ചിരുന്ന വിദ്യാർത്ഥികൾക്ക് ഇക്കൊല്ലം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന തീരുമാനം പുനപ്പരിശോധിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. കോഴിക്കോട് മുക്കം സ്വദേശിയും പത്താം ക്ളാസ് വിദ്യാർത്ഥിയുമായ ഫസീഹ് റഹ്മാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനുശിവരാമന്റെ നടപടി.
തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇതിലെന്താണ് തീരുമാനമെന്ന് ഇന്നറിയിക്കാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.
കൊവിഡ് വ്യാപനത്തെത്തുടർന്ന് സ്കൂളുകൾ തുറക്കാത്തതിനാൽ ഇക്കൊല്ലം പാഠ്യേതര പ്രവർത്തനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് വിലയിരുത്തിയാണ് എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടെന്ന് അധികൃതർ തീരുമാനിച്ചത്. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ അധികൃതരുമായി ചേർന്ന് ഈ വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്നെന്നും ആ നിലയ്ക്ക് ഗ്രേസ് മാർക്ക് നിഷേധിക്കരുതെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.