 നിർമ്മിച്ചിട്ട് കാൽനൂറ്റാണ്ട്

കൊച്ചി: വരാപ്പുഴ പഞ്ചായത്തിൽ പൊതുശ്മശാനമില്ലാതെ ജനങ്ങൾ വലയുമ്പോഴും കാൽനൂറ്റാണ്ടായി ഒരു സംസ്‌കാരംപോലും നടത്താനാകാതെ കിടക്കുന്ന ശ്മശാനമുണ്ടിവിടെ. ചിറയ്ക്കകത്ത് അഞ്ചുസെന്റിൽ എസ്.എൻ.ഡി.പിയോഗം വരാപ്പുഴ ശാഖ നിർമ്മിച്ച ശ്മശാനം. പഞ്ചായത്തിലും പരിസരത്തുമുള്ളവർ മൃതശരീരങ്ങൾ വീട്ടുമുറ്റങ്ങളിലും വിദൂരശ്മശാനങ്ങളിലും സംസ്‌കരിക്കേണ്ടി വന്നപ്പോഴാണ് 1996ൽ ശാഖായോഗം പൊതുശ്മശാനം നിർമ്മിച്ചത്.

സ്ഥലംവാങ്ങി ശ്മശാനം നിർമ്മിച്ച് തീർന്നപ്പോൾ അന്ന് ഏഴ് ലക്ഷത്തിലധികം രൂപ ചെലവായി. നിർമ്മാണ ജോലികൾ ആരംഭിക്കുന്നതിനുമുന്നേതന്നെ 'പൊതുശ്മശാനം നിർമ്മിക്കുന്നതിനുവേണ്ടി ' എന്ന ബോർഡ് സ്ഥാപിച്ചിരുന്നു. ആദ്യമൊന്നും എതിർപ്പുണ്ടായില്ല. എന്നാൽ നിർമ്മാണം പകുതിയായപ്പോൾ സ്വകാര്യവ്യക്തി എതിർപ്പുമായെത്തി, കേസായി. ഒടുവിൽ ഉദ്ഘാടനത്തിന്റെ തലേന്ന് സ്റ്റേയുമെത്തി. ഇപ്പോൾ കാടുമൂടിക്കിടക്കുകയാണ് ശ്മശാനവളപ്പും കെട്ടിടവും.

പിന്നീട് ദൂരപരിധി 50 മീറ്ററാക്കി വർദ്ധിപ്പിച്ചതോടെ ജനങ്ങൾക്ക് ഉപകാരപ്രദമാകുമായിരുന്ന ശ്മശാനപദ്ധതി പാതിവഴിയിൽ എരിഞ്ഞടങ്ങി. അന്യമതസ്ഥരുടെ എതിർപ്പാണ് പ്രധാന കാരണം. സെമിത്തേരിയടക്കം മറ്റ് മൂന്ന് സമുദായങ്ങളുടെ ശ്മശാനങ്ങൾ ഇവിടെ ഉണ്ടെങ്കിലും ഇവിടങ്ങളിൽ അന്യമതക്കാരെയും സമുദായക്കാരെയും സംസ്‌കരിക്കാൻ അനുവദിക്കില്ല.

കൊവിഡ് കാലത്തുപോലും സംസ്‌കാരത്തിന് ജനമോടിയത് 15കിലോമീറ്റർ അപ്പുറത്തുള്ള ശ്മശാനത്തിലേക്കാണ്. മറ്റ് സമുദായങ്ങളുടെ ശ്മശാനത്തോട് തൊട്ടുചേർന്ന് നിരവധി വീടുകളുണ്ട്. എസ്.എൻ.ഡി.പി ശ്മശാനത്തിൽ നിന്ന് മീറ്ററുകൾ വിട്ടുമാറി മൂന്നുവീടുകൾ മാത്രമാണുള്ളത്.


എസ്.എൻ.ഡി.പി യോഗത്തിന്റെ ശ്മശാനവുമായി ബന്ധപ്പെട്ട് നിരവധി തവണ ചർച്ചകൾ നടത്തിയതാണ് എന്നാൽ ഒന്നും ഫലവത്തായില്ല. കോടതിയിലെത്തിയ വിഷയമായതിനാൽ പഞ്ചായത്തിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനുമാകില്ല. കൊച്ചുറാണി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ്, വരാപ്പുഴ.

അന്ന് ശ്മശാനത്തിന് അടുത്തുണ്ടായിരുന്നത് ഒരു വീട് മാത്രമാണ്. സ്വകാര്യ വ്യക്തിയോട് ആ വീടും പുരയിടവും വാങ്ങാൻ ധാരണയായിരുന്നു. പല കാരണങ്ങളാൽ അത് മുടങ്ങിയതോടെയാണ് പദ്ധതിക്കുമേൽ കരിനിഴൽ വീണത്. കെ.ശശിധരൻ, ശാഖാ സെക്രട്ടറി വരാപ്പുഴ എസ്.എൻ.ഡി.പി

എസ്.എൻ.ഡി.പി ശ്മശാനം പ്രവർത്തന സജ്ജമായാൽ പഞ്ചായത്തിലെ 16 വാർഡുകൾക്ക് പുറമേ

കൂനമ്മാവ്, കൊങ്ങൂർപള്ളി, പുത്തൻപള്ളി, ഉളനാട്, മുട്ടിനകം, മണ്ണംതുരുത്ത്, ചേന്നൂർ, തുണ്ടത്തുംകടവ് തുടങ്ങി 15ലേറെ സ്ഥലങ്ങളിലെ ജാതിമതഭേദമന്യേ ജനങ്ങൾക്ക് ഉപകാരപ്പെടും. പഞ്ചായത്തിന്റെ നിയമപരമായ ബാദ്ധ്യതയാണ് പൊതുശ്മശാനം. പക്ഷേ അതിൽ അവർ ലോകപരാജയമായതിനാൽ പഞ്ചായത്തിലെ ഭൂരിഭാഗം ഹൈന്ദവർക്കും ഉറ്റവർ മരിച്ചാൽ അന്യദേശങ്ങളിലെ ശ്മശാനങ്ങൾ തേടി അലയാനാണ് വിധി.

ക്രൈസ്തവദേവാലയങ്ങളിലെ സെമിത്തേരികളും
ഗൗഡസാരസ്വത, പുലയ സമുദായങ്ങളുടെ ശ്മശാനങ്ങളുമാണ് പഞ്ചായത്തിലുള്ളത്.


എസ്.എൻ.ഡി.പി ശ്മശാനം നിർമ്മാണം തുടങ്ങിയപ്പോൾ

ജനവാസകേന്ദ്രത്തിൽ നിന്ന് 25 മീറ്റർ ദൂരപരിധി
നിലവിൽ ജനവാസകേന്ദ്രത്തിൽ നിന്ന് 50മീറ്റർ ദൂരപരിധി