കൊച്ചി: ഇടപ്പള്ളി പോണേക്കരയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി തല്ലിക്കൊന്ന സംഭവത്തിൽ സംശയനിഴലിലായിരുന്ന കുന്നുംപുറം സ്വദേശികളായ യുവതികളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. കൊല്ലപ്പെട്ട ഇടപ്പള്ളി നോർത്ത് അംബേദ്കർ റോഡിൽ കണ്ണൻ നിവാസിൽ കൃഷ്ണകുമാറിന്റെയും (കണ്ണൻ-32) കേസിൽ അറസ്റ്റിലായ എറണാകുളം എ.ആർ.പൊലീസ് ക്യാമ്പിലെ സി.പി.ഒ ഇടപ്പള്ളി നോർത്ത് വൈമേലിൽ ബിജോയുടെയും (35) കൂട്ടുകാരികളെയാണ് ചോദ്യം ചെയ്തത്.
കൃഷ്ണകുമാർ തന്റെ കൂട്ടുകാരിക്ക് നൽകാനുള്ള 50,000രൂപയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകമായി യുവതികൾക്ക് ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം സെൻട്രൽ അസി. കമ്മിഷണർ കെ.ലാൽജി പറഞ്ഞു.
ഇരുമ്പുവടി കൊണ്ട് ക്രൂരമായി മർദ്ദിച്ച ശേഷം പ്രതികൾ കൃഷ്ണകുമാറിനെ സമീപത്തെ പീലിയാട് പുഴയിലേക്ക് തള്ളിയിട്ടു. ഇവിടെ നിന്ന് കയറി വന്ന ശേഷമാണ് ഇയാളെ നാട്ടുകാർ കാണുന്നത്. കൊല്ലാൻ ഉറപ്പിച്ചാണ് പ്രതികൾ തമ്പടിച്ചിരുന്നതെന്നാണ് പൊലീസ് നിഗമനം. സംഭവദിവസം രാവിലെ മുതൽ പ്രതികൾ കൃഷ്ണകുമാറിനെ ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു. സ്വിച്ച് ഓഫായതിനാൽ അമ്മയുടെ ഫോണിലേക്കും വിളിച്ചു. രാത്രി മദ്യപിച്ചെത്തിയ കൃഷ്ണകുമാർ ഫോൺ ഓണാക്കിയതിന് പിന്നാലെയാണ് പീലിയാട് എത്താൻ ആവശ്യപ്പെട്ട് ഫൈസലിന്റെ കാൾ വന്നത്.
അറസ്റ്റിലായ ആറുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. മരട് നെട്ടൂർ സ്വദേശി സാജിതാ മൻസിലിൽ ഫൈസൽ മോൻ (39), ആലുവ എരമം സ്വദേശികളായ തോപ്പിൽ ഉബൈദ് (25), ഓളിപ്പറമ്പ് അൻസൽ (26), ഇടപ്പള്ളി നോർത്ത് വി.ഐ.പടി ബ്ലായിപ്പറമ്പ് വീട്ടിൽ ഫൈസൽ (40 ), ഇടപ്പള്ളി കുന്നുംപുറം വടക്കേടത്ത് വീട്ടിൽ സുബീഷ് (38) എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവരെ കോടതിയിൽ ഹാജരാക്കി.
കസ്റ്റഡിയിൽ വാങ്ങും
കൃഷ്ണകുമാർ കൊലക്കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അഞ്ചുദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷ കോടതിയിൽ നൽകി.
പ്രതികളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് കോടതിക്ക് കൈമാറി. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി അയയ്ക്കും.