കൊച്ചി: ഒരു പോത്തും അതിന്റെ പിന്നാലെയുള്ള ഓട്ടവും. ജെല്ലിക്കട്ട് സിനിമയല്ല, പെരുമ്പാവൂർ പൊലീസിനെ വട്ടം ചുറ്റിക്കുന്ന പോത്തു കേസിന്റെ കഥയാണ്!
കഴിഞ്ഞ മാസം 16ന് കാഞ്ഞിരക്കാട് ഭാഗത്ത് കഴുത്തറുത്ത നിലയിൽ പോത്തിന്റെ ജഡം കണ്ടെത്തിയതാണ് തുടക്കം. ഉടമകൾ പരാതി നൽകിയതോടെ അന്വേഷണം തുടങ്ങി. പിന്നിൽ ആരെന്നോ ഉദ്ദേശ്യം എന്തെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസിൽ തുമ്പ് കിട്ടാൻ പോത്തിന്റെ ജഡം കുഴിമാന്തി പുറത്തെടുത്ത് പോസ്റ്റുമോർട്ടവും നടത്തി പൊലീസ്. ഇതിന്റെ റിപ്പോർട്ടും കാത്തിരിക്കുകയാണ്. കാഞ്ഞിരക്കാട് ഭാഗത്തെ അഞ്ച് പേർ സംശയനിഴലിലുണ്ടെന്നാണ് വിവരം.
ആര് കൊന്നു?
കാഞ്ഞിരക്കാട്ടെ മൂന്ന് ചെറുപ്പക്കാർ വളർത്തിയ പോത്തിനെ ജൂൺ 16ന് രാവിലെയാണ് കാണാതാകുന്നത്. പിന്നീട് കഴുത്തറുത്ത നിലയിൽ അടുത്ത പറമ്പിൽ കണ്ടെത്തി. ഈ സമയം ഇവിടെ ഉണ്ടായിരുന്നവർ കയറിൽ കരുങ്ങി പോത്ത് ചത്തെന്ന് ഉടമകളോട് പറഞ്ഞു. കഴുത്തിലെ ആഴത്തിലുള്ള മുറിവാണ് സംശയം ജനിപ്പിച്ചത്. ഇതിന് ഉത്തരം നൽകാൻ ഇവർക്കായില്ല. ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് പൊലീസ്. ഇറച്ചിവെട്ടും കാലിക്കച്ചവടവും നടത്തുന്നവരാണ് ഇവരെന്നാണ് പരാതിയിൽ പറയുന്നത്.
എന്തിന് വേണ്ടി ?
സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് ഈ പോത്തിനെ വാങ്ങാൻ കാലിക്കച്ചവടക്കാരൻ ഉടമകളെ സമീപിച്ചിരുന്നു. വിലയിൽ തെറ്റി കച്ചവടം മുടങ്ങി. 70,000 രൂപയിലധികം വില പറഞ്ഞ പോത്തിനെ ഈ സംഘം കടത്തിക്കൊണ്ടുപോയി വെട്ടിവിൽക്കാൻ ശ്രമിച്ചെന്നാണ് സംശയം.
ആരോപണം നേരിടുന്നവർ ഉടമകളുമായി ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും കേസിൽ നിന്ന് പിന്മാറാൻ അവർ തയ്യാറായില്ല. 2019ലാണ് യുവാക്കൾ പോത്തിനെ വാങ്ങി വളർത്താൻ തുടങ്ങിയത്.
പോത്തിനെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാണ് പരാതി നൽകിയത്. തുടക്കത്തിൽ അന്വേഷണം ഇഴഞ്ഞെങ്കിലും ഇപ്പോൾ വേഗത്തിലായി. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് പ്രതീക്ഷ.
വിഷ്ണു രാമചന്ദ്രൻ,ഉടമകളിൽ ഒരാൾ
പോസ്റ്റ്മോർട്ടം ഫലം വന്നാൽ മാത്രമേ തുടർ നടപടികളിലേക്ക് പോകാൻ സാധിക്കൂ. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തില്ല.
എസ്.ഐ ദിലീപ്,പെരുമ്പാവൂർ സ്റ്റേഷൻ