മൂവാറ്റുപുഴ: ചാക്കു കൊണ്ടു മുഖം മൂടിക്കെട്ടി, പുഴയിലേക്കു കയറിൽ കെട്ടിത്താഴ്ത്തിയ നായകുട്ടിയെ രക്ഷിച്ച് ഈശ്വരൻ. രാവിലെ ത്രിവേണി സംഗമത്തിൽ കുളിക്കാൻ എത്തിയതായിരുന്നു ആന പാപ്പാനായ മൂവാറ്റുപുഴ സ്വദേശി ഈശ്വരൻ. മരണാസന്നനായി കരയാൻ പോലുമാകാതെ ശരീരമാകെ മുറിവുകളുമായ നായകുട്ടിയെ
ഈശ്വരൻ ഒരുവിധത്തിലാണ് വെള്ളത്തിൽ നിന്ന് പൊക്കിയെടുത്ത് കരയിലെത്തിച്ചത്. പ്രഭാത സവാരിക്ക് എത്തിയവരും മൃഗസ്നേഹികളും ചേർന്ന് വളർത്തുനായയെ മൃഗാശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ജീവൻ തിരിച്ചു കിട്ടിയെങ്കിലും ജീവിതത്തിലേക്കു തിരിച്ചു നടക്കാനുള്ള ചികിത്സയിലാണ് രണ്ടു വയസ് പ്രായം തോന്നിക്കുന്ന ഈ നായ്ക്കുട്ടി. പുഴയോര നടപ്പാതയിലേക്ക് കയറിൽ കെട്ടിവലിച്ചാണ് നായയെ എത്തിച്ചിരിക്കുന്നതെന്ന് മൃഗസ്നേഹികളുടെ സംഘടനയായ ദയയുടെ കോർഡിനേറ്റർ അമ്പിളിപുരയ്ക്കൽ പറഞ്ഞു. നടപ്പാത നിറയെ വലിച്ചിഴച്ചതിന്റെ രക്തപ്പാടുകളും നായയുടെ ദേഹത്തിലും മുറിവുകളുമുണ്ട്. മൃഗ ഡോക്ടറായ ഡോ.അക്ഷയ സുരേന്ദ്രനാണ് നായയെ പരിശോധിച്ചത്.
നായയോട് ക്രൂരത കാണിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ദയ പ്രവർത്തകർ പൊലീസിനു പരാതി നൽകിയിട്ടുണ്ട്.