fg

കൊച്ചി: പുതുക്കിയ മിനിമംകൂലി നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കിറ്റെക്‌സ് ഗാർമെന്റ്സിന് നൽകിയ നോട്ടീസ് തൊഴിൽ വകുപ്പ് മരവിപ്പിച്ചു. പെരുമ്പാവൂർ അസിസ്റ്റന്റ് ലേബർ ഓഫീസർ കിറ്റക്‌സിന് ജൂൺ 30 ന് മിനിമം കൂലി നടപ്പാക്കുന്നില്ലെന്ന് കാണിച്ച് നൽകിയ നോട്ടീസാണ് മരവിപ്പിച്ചത്.
2019 ലെ മിനിമം കൂലി ശുപാർശകൾ നടപ്പാക്കിയില്ലെന്ന് കാണിച്ചായിരുന്നു അസിസ്റ്റന്റ് ലേബർ ഓഫീസർ നോട്ടീസ് നൽകിയത്. ഉത്തരവ് ഹൈക്കോടതി 2021 മാർച്ച് 26 ന് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്തതാണെന്നും നോട്ടീസ് കോടതിയലക്ഷ്യമാണെന്നും സൂചിപ്പിച്ച് ജൂലായ് ഒന്നിന് അഡ്വ. ബ്ലെയ്‌സ് കെ. ജോസ് മുഖേന ലേബർ സെക്രട്ടറിക്ക് കിറ്റക്സ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഹൈക്കോടതി സ്‌റ്റേയെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് അസിസ്റ്റന്റ് ലേബർ ഓഫീസർ നൽകിയ മറുപടി നോട്ടീസിൽ പറയുന്നത്.
നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് അസിസ്റ്റന്റ് ലേബർ ഓഫീസറുടെ പിന്മാറ്റമെന്ന് കിറ്റക്സ് അധികൃതർ പറഞ്ഞു.

തെലങ്കാനയും ക്ഷണിച്ചു

കേരളത്തിൽ ഉപേക്ഷിച്ച ഗാർമന്റ് പദ്ധതി സ്ഥാപിക്കാൻ കിറ്റക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബിനെ തെലങ്കാന വ്യവസായമന്ത്രിയും മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ
മകനുമായ കെ.ടി. രാമറാവു ക്ഷണിച്ചു. സ്വന്തം ഐ ഫോണിൽ നിന്ന് കിറ്റക്സ് ചെയർമാൻ സാബു ജേക്കബിന് മന്ത്രി ഇ മെയിൽ അയച്ചത്.

തെലുങ്കാന ടെക്സ്റ്റൈൽസ് ആൻഡ് അപ്പാരൽ നയപ്രകാരം ആനുകൂല്യങ്ങളും കത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. സാബുവിനെ ഹൈദരാബാദിൽ കൂടിക്കാഴ്ചയ്ക്കും ക്ഷണിച്ചു. അസൗകര്യമുണ്ടെങ്കിൽ സർക്കാർ പ്രതിനിധികൾ കൊച്ചിയിലെത്താമെന്നും അറിയിച്ചു.
കിറ്റെക്‌സിന്റെ വളർച്ചയിൽ പ്രചോദനവും സന്തോഷവും തെലങ്കാന വ്യവസായ
മന്ത്രി രേഖപ്പെടുത്തുണ്ട്. വ്യവസായസൗഹൃദ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള തെലങ്കാനയിൽ കിറ്റെക്‌സ് വന്നാലും ഇല്ലെങ്കിലും ആശംസകളും മന്ത്രി നേർന്നു.