ചൊവ്വാഴ്ചയ്ക്കകം സർക്കാർ വിശദീകരിക്കണം
കൊച്ചി: സംസ്ഥാനത്തെ വിദേശമദ്യ ഷോപ്പുകൾക്കു മുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ആൾക്കൂട്ടങ്ങൾ ആശങ്കയുളവാക്കുന്നതായി ഹൈക്കോടതി. ഇത് കണ്ടില്ലെന്നു നടിക്കാനാവില്ല. അടുത്ത ചൊവ്വാഴ്ചയ്ക്കകം സർക്കാർ വിശദീകരണം നൽകണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ബിവറേജസ് ഔട്ട്ലെറ്റുകൾക്കു മുന്നിലെ ആൾക്കൂട്ടത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് നിർദ്ദേശം.
ലോക്ക് ഡൗണിൽ ഇളവു വന്നതോടെ ബിവറേജസ് ഔട്ട്ലെറ്റുകൾക്കു മുന്നിലെ ആൾക്കൂട്ടങ്ങളുടെ ചിത്രങ്ങൾ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇവ ശ്രദ്ധയിൽപെട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം ഹർജിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തു നൽകി. തുടർന്നാണ് സ്വമേധയാ വിഷയം ഹൈക്കോടതി ഹർജിയായി പരിഗണിക്കുന്നത്.
ഔട്ട്ലെറ്റുകൾക്കു മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കി കർശനമായി സാമൂഹ്യ അകലം പാലിക്കാൻ നിർദ്ദേശം നൽകിയെന്ന് സർക്കാർ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ വീഴ്ചയുണ്ടോയെന്നു പരിശോധിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെയും എക്സൈസ് വകുപ്പിനെയും ബിവറേജസ് കോർപ്പറേഷനെയുമാണ് ഹർജിയിൽ എതിർ കക്ഷികളാക്കിയിട്ടുള്ളത്.
കോടതിയലക്ഷ്യ ഹർജിയും
ഔട്ട്ലെറ്റുകളിലെത്തുന്നവരുടെ ക്യൂ പൊതുനിരത്തിലേക്ക് നീളുന്നില്ലെന്ന് ഉറപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് എക്സൈസ് കമ്മിഷണർ, ബിവറേജസ് കോർപ്പറേഷൻ എം.ഡി എന്നിവർക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി ഇന്നു പരിഗണിക്കാൻ മാറ്റി. ഇരുവരും ഓൺലൈൻ മുഖേന ഹാജരാകണം. തൃശൂർ കുറുപ്പംറോഡിലെ ബിവറേജസ് ഔട്ട്ലെറ്റിലെ ക്യൂ ബിസിനസിനെ ബാധിക്കുന്നെന്നാരോപിച്ച് സമീപത്തെ ഹിന്ദുസ്ഥാൻ പെയിന്റ്സ് എന്ന സ്ഥാപനം നൽകിയ ഹർജിയിൽ 2017 ജൂലായ് അഞ്ചിന് ഹൈക്കോടതി വിധി പറഞ്ഞിരുന്നു. മദ്യം വാങ്ങാൻ വരുന്നവരെ പൊതുനിരത്തിൽ ക്യൂ നിറുത്തുന്നത് അപമാനകരമാണെന്നും ഇവർക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്നുമായിരുന്നു വിധി. നാലു വർഷം കഴിഞ്ഞിട്ടും ഇതുപാലിച്ചില്ലെന്നാണ് ഹർജിയിലെ ആക്ഷേപം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നത്.