slab
അർബൻ സഹകരണ ബാങ്കിന് മുന്നിലെ കാനയിലെ സ്ലാബുകൾ ഇടാത്ത ഭാഗം

ആലുവ: നഗരത്തിൽ ലക്ഷങ്ങൾ മുടക്കി കാന നവീകരിച്ചിട്ടും സ്ളാബ് ഭാഗികമായി മാത്രം സ്ഥാപിച്ചത് കാൽനട യാത്രക്കാർക്ക് ഭീഷണിയായി. വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി മാർക്കറ്റ് റോഡിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് മുതൽ ഗ്രാൻഡ് ജംഗ്ഷൻ വരെയാണ് കാന നിർമ്മിച്ചത്. മൂന്ന് മാസമെടുത്ത് കാന നവീകരിച്ചെങ്കിലും വെള്ളക്കെട്ടിന് പരിഹാരമായില്ലെന്ന് കഴിഞ്ഞ ദിവസത്തെ മഴ ജനങ്ങളെയും അധികൃതരെയും ബോദ്ധ്യപ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് സ്ളാബ് സ്ഥാപിക്കാതെയുള്ള അപകടഭീഷണിയും.

 ഒളിഞ്ഞിരിക്കുന്നത് അപകടക്കെണി

നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണിത്. ബാങ്കുകളും കോളേജുകളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. മാത്രമല്ല സ്വകാര്യ ബസ് സ്റ്റാൻഡും മെട്രോ സ്റ്റേഷനും തൊട്ടടുത്താണ്. ഇവിടെയാണ് അപകടക്കെണി ഒളിഞ്ഞിരിക്കുന്നത്. അഞ്ചെണ്ണം കഴിഞ്ഞാൽ ഒരു സ്ലാബ് ഇടാനുള്ള സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്. കരാറുകാരനും നഗരസഭ അധികൃതരും എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ചില സ്ഥലങ്ങളിൽ സ്ലാബ് കാനയിലേക്കും വീണിട്ടുമുണ്ട്. കാൽനട യാത്രക്കാരന്റെ കണ്ണൊന്ന് തെറ്റിയിൽ കാനയിൽ വീഴുമെന്നുറപ്പാണ്.

 പരാതിക്ക് പരിഹാരമില്ല

ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചിട്ടും പരിഹാരമില്ലെന്ന് പരിസരത്തെ വ്യാപാരികൾ പറയുന്നു. നഗരത്തിൽ മറ്റു പല ഭാഗങ്ങളിലും ഇത്തരത്തിൽ സ്ലാബിലാത്ത കാനകളുണ്ടെന്നും. പരാതിയുണ്ട്. ബ്രിഡ്ജ് റോഡിലും സ്ളാബില്ലാത്ത കാനകളുണ്ട്.