മൂവാറ്റുപുഴ: ജനങ്ങളിൽ തെറ്റിധാരണ പരത്തി സർക്കാരിന്റെ കൊവിഡ് വാക്സിൻ വിതരണം അട്ടിമറിക്കുന്നതിന് നേതൃത്വം നൽകിയ നഗരസഭ മുൻ കൗൺസിലറായ കോൺഗ്രസ് നേതാവ് അബ്‌ദുൾ സലാമിനെതിരെ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കിഴക്കേക്കരയിൽ പ്രതിഷേധ സമരം നടത്തി.മൂവാറ്റുപുഴ മുനിസിപ്പൽ ലോക്കൽ സെക്രട്ടറി പി.എം.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.എൻ.ജി ലാലു അദ്ധ്യക്ഷനായി, ബ്രാഞ്ച് സെക്രട്ടറി കെ.യു.പ്രസാദ്, എ.കെ.അയൂബ് എന്നിവർ സംസാരിച്ചു. സ്വന്തം പേരിൽ ഉച്ചഭാഷിണിയിലൂടെ പ്രചാരണം നടത്തി കൂടുതൽ ആളുകളെ വാക്സിൻ വിതരണ ക്യാമ്പിൽ എത്തിച്ച് കൊവിഡ് വ്യാപനസാഹചര്യമുണ്ടാക്കുന്ന പ്രവർത്തനമാണ് അബ്ദുൾ സലാം നടത്തിയത്. കോൺഗ്രസ് മഹിളാ നേതാവായ വാർഡ് കൗൺസിലറുമായുള്ള മുൻ കൗൺസിലറുടെ ചേരിതിരിവാണ് കൊവിഡ് വാക്സിൻ വിതരണത്തിന് പ്രതിസന്ധിയുണ്ടാക്കിയതെന്നും പറയുന്നുണ്ട്. മുൻകൂട്ടി പേര് നൽകിയ ആളുകൾക്കുള്ള വാക്സിൻ വിതരണം ഇതിനെ തുടർന്ന് മുടങ്ങി.