പറവൂർ: കൊവിഡിന്റെ സാഹചര്യത്തിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങളുടെ സമയപരിധി ദീർഘിപ്പിച്ചു. 2020 ജനുവരി ഒന്നുമുതൽ മേയ് 31വരെ രജിസ്ട്രേഷൻ പുതുക്കേണ്ട ഉദ്യോഗാർഥികൾ, 2019 മാർച്ചിലോ അതിനുശേഷമോ രജിസ്ട്രേഷൻ പുതുക്കേണ്ട എസ്‌.സി, എസ്.ടി ഉദ്യോഗാർത്ഥികൾ എന്നിവർക്ക് ഓഗസ്റ്റ് 31വരെ പുതുക്കാം. eemployment.kerala.gov.in വെബ്സൈറ്റ് വഴി 2019 ഡിസംബർ 20 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ‌ സർട്ടിഫിക്കറ്റ് ചേർക്കൽ നടത്തിയ ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഓഗസ്റ്റ് 31നകം ഹാജരാക്കണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ അല്ലാതെയോ താത്കാലിക നിയമനം ലഭിച്ചിട്ട് 2019 ഡിസംബർ 20 മുതൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾ ഡിസ്ചാർജ് സർട്ടിഫിക്കറ്റും ഓഗസ്റ്റ് 31നകം ഹാജരാകണം. വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, പുതുക്കൽ തുടങ്ങിയവ ഓൺലൈനായും നടത്താമെന്ന് പറവൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.