തകർന്ന കെട്ടിടങ്ങൾ പോലും ഭൂമി മരവിപ്പിച്ചതോടെ പുനർ നിർമ്മിക്കാനാകാത്ത അവസ്ഥ

കൊച്ചി: വൈപ്പിൻ- പള്ളിപ്പുറം സംസ്ഥാനപാത വികസനം കടലാസിലൊതുങ്ങിയതോടെ റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ദുരിതത്തിൽ. 30 വർഷം മുൻപ് പാത വികസനത്തിന്റെ പേരുപറഞ്ഞ് ഇവിടുത്തെ ഭൂമി മരവിപ്പിച്ചതോടെ കെട്ടിട നിർമ്മാണങ്ങളും പുനർനിർമ്മാണങ്ങളും അസാദ്ധ്യമായി. തകർന്നുവീഴാറായ കെട്ടിടങ്ങൾപോലും അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ.

റോഡ് വികസനത്തിനുള്ള പദ്ധതി തയ്യാറാക്കലും സ്ഥലമേറ്റെടുപ്പുമൊന്നും ഇതുവരെ നടന്നിട്ടില്ല. എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ പഞ്ചായത്തുകൾക്ക് മാത്രമായി തയാറാക്കിയ നിർദ്ദേശങ്ങൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ നടന്നു. റോഡിന്റെ വീതി അഞ്ച് മീറ്ററാക്കണമെന്നാവശ്യപ്പെട്ട് എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രമേയം പാസാക്കയെങ്കിലും ഫലമുണ്ടായില്ല.

വില്ലൻ

1991 മാർച്ചിൽ കൊച്ചി സ്ട്രക്ചറൽ പ്ലാനിൽ ഉൾപ്പെടുത്തി എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ പഞ്ചായത്തുകളിൽ സംസ്ഥാനപാത 27 മീറ്ററായി വികസിപ്പിക്കാൻ ഇറക്കിയ ഉത്തരവ്. ഇതുപ്രകാരം രണ്ട് പഞ്ചായത്തുകളിലും പാത കടന്നുപോകുന്നതിന് ഇരുവശത്തും 13.5 മീറ്റർ വിട്ടുവേണം നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ.

വലയുന്നത്
10 സെന്റിൽ താഴെ ഭൂമിയുള്ളവർക്ക് വീടുപണി ദുഷ്‌കരമാകും.
 അഞ്ചുസെന്റിൽ താഴെമാത്രം ഭൂമിയുള്ളവർക്ക് പുനർനിർമ്മാണംപോലും അസാദ്ധ്യം.

വിരോധാഭാസം
പാത കടന്നുപോകുന്ന നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകൾ കൊച്ചി സ്ട്രക്ചറൽ പ്ലാനിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ഇവിടങ്ങളിൽ ഭൂമി മരവിപ്പിച്ചിട്ടില്ല.

ജനങ്ങളുടെ ആവശ്യം
വൈപ്പിനിൽ ജനസാന്ദ്രത കൂടുതലാണ്. വീടുകളും കച്ചവടസ്ഥാപനങ്ങളും ഒഴിപ്പിക്കുക അസാദ്ധ്യം. സാഹചര്യങ്ങൾ പരിഗണിച്ച് സ്ട്രക്ചറൽ പ്ലാനിൽ മാറ്റംവരുത്തണം. വൈപ്പിൻ- മുനമ്പം റോഡിന്റെ വീതി 27 മീറ്ററിന് പകരം വികസിപ്പിക്കൽ അഞ്ച് മീറ്ററാക്കി ചുരുക്കണം.

സമാന പദ്ധതി, പക്ഷേ നടപടി ജനങ്ങൾക്ക് അനുകൂലം
വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്ക് ട്രക്കുകൾ എത്തിക്കുന്നതിന് വൈപ്പിൻ- മൂത്തകുന്നം തീരദേശഹൈവേ നിമ്മിക്കാൻ നിർദ്ദേശിച്ചിരുന്നു. പാത കടന്നുപോകുന്നിടത്ത് 100മീറ്റർ വീതിയിലുള്ള ഭൂമി മരവിപ്പിക്കലാണ് നടന്നത്. എന്നാൽ കേന്ദ്ര സർക്കാർ പദ്ധതി ഉപേക്ഷിച്ചതോടെ ഭൂമി മരവിപ്പിക്കൽ റദ്ദാക്കി. ഇതേ നടപടി വൈപ്പിൻ- പള്ളിപ്പുറം പാതയുടെ കാര്യത്തിലും സ്വീകരിച്ചാൽ ജനങ്ങൾക്ക് ആശ്വാസമാകും.


പദ്ധതി ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 70 വർഷം പഴക്കമുള്ള സഹോദരന്റെ വീട് നവീകരണം പോലും നടത്താൻ പറ്റുന്നില്ല. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണം. ജെയിംസ് മറ്റത്തിൽ, റിട്ട.എസ്.ഐ

പാതയ്ക്കിരുവശത്തുമുള്ള മുഴുവൻ ജനങ്ങളുടെയും ഒപ്പ് ശേഖരിച്ച് എം.എൽ.എയ്ക്ക് നിവേദനം സമർപ്പിക്കും. ഒരു നാടിന്റെയാകെ വികസനത്തെയാണ് ഈ പദ്ധതി തകിടംമറിച്ചത്. ജെയിംസ് കളരിക്കൽ, എൻജിനിയേഴ്‌സ് ഫെഡറേഷൻ