പറവൂർ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം മൂന്നുവർഷംമുമ്പ് യാഥാർത്ഥ്യമായ സ്റ്റേഷൻകടവ് – വലിയപഴമ്പിള്ളിത്തുരുത്ത് പാലത്തിലൂടെ ആവശ്യത്തിന് ബസ് സർവീസില്ല. പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. പറവൂരിൽനിന്ന് വലിയപഴമ്പിള്ളിത്തുരുത്ത് വഴി പുത്തൻവേലിക്കരയിലേക്ക് ആറുകിലോമീറ്റർ മാത്രമാണ് ദൂരം. പക്ഷേ ദേശസാൽകൃത റൂട്ടായതിനാൽ ഇതുവഴി സ്വകാര്യ ബസുകൾ അനുവദിക്കുന്നില്ല. കെ.എസ്.ആർ.ടി.സി ആവശ്യത്തിന് സർവീസുകൾ നടത്തുന്നുമില്ല. ഒന്നോ, രണ്ടോ ബസുകൾ മാത്രമാണ് ഇതിലൂടെ സർവീസ് നടത്തുന്നത്. ഈ സർവീസിന് സമയക്ളിപ്തയുമില്ല. പറവൂരിലേക്ക് ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ എത്താവുന്ന ഇതിലൂടെ ബസ് സർവീസ് ഇല്ലാത്തിനാൽ മാഞ്ഞാലിവഴി പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാണ് ഇപ്പോഴും ജനങ്ങളെത്തുന്നത്.

കോടികൾ മുടക്കി പാലം പണിതതിന്റെ ഗുണം ലഭിക്കാത്തതിനാൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. ബസ് ഇല്ലാത്തത് കൊണ്ടുമാത്രം സ്വന്തം വാഹനത്തിൽ യാത്ര ചെയ്യേണ്ടിവരുന്ന ഒട്ടേറെപ്പേരുണ്ട്. പാലം പൂർത്തിയായപ്പോൾ തന്നെ പറവൂർ, ആലുവ, എറണാകുളം, മാള, ചാലക്കുടി, തൃശൂർ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.