പറവൂർ: തീരദേശ പരിപാലന നിയമത്തിന്റെ പുതിയ വിജ്ഞാപനത്തിൽ പറവൂർ നഗരസഭയെ ഐലൻഡ് സോണിൽ ഉൾപ്പെടുത്തിയത് ഒഴിവാക്കണമെന്നും സി.ആർ.ഇസഡ് ടു വിഭാഗത്തിൽ നിലനിർത്തണമെന്നും ആവശ്യം. വിജ്ഞാപനത്തിൽ നഗരസഭയെ സംബന്ധിച്ച് ഒട്ടേറെ അപാകതകൾ ഉണ്ടെന്നാണ് കൗൺസിലിന്റെ വിലയിരുത്തൽ. ഐലൻഡ് സോണിൽ വന്നാൽ കെട്ടിടനിർമാണത്തിന് വലിയ പ്രതിസന്ധിയുണ്ടാകും. നാലുവശവും ഗതാഗത യോഗ്യമായ റോഡുകളുള്ള നഗരസഭാപ്രദേശം ഐലൻഡ് സോണിൽ ഉൾപ്പെടേണ്ടതല്ലെന്നാണ് കൗൺസിലിന്റെയും വിദഗ്ദ്ധരുടെയും വിലയിരുത്തൽ.

ഐലൻഡ് സോണിലായാൽ പുഴയോടും പഷ്ണിത്തോട് പോലെയുള്ള തോടുകളോടും ചേർന്നുകിടക്കുന്ന വാർഡുകളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി കിട്ടാൻ ബുദ്ധിമുട്ടുണ്ടാകും. ഇത് പുതിയ വീടുകൾ പണിയാൻ പ്രയാസം നേരിടും. നിയമത്തിന്റെ ദോഷവശങ്ങൾ എങ്ങനെ ബാധിക്കുന്നുവെന്ന് കൗൺസിലർമാർ മുഖേന ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയും അവരിൽനിന്നും പരാതി എഴുതി വാങ്ങിയശേഷം പ്രമേയം പാസാക്കി അധികൃതർക്ക് നൽകുകയും ചെയ്യണമെന്നും വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രശ്നങ്ങൾ കൃത്യമായി പഠിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കണമെന്നും മുൻ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ആവശ്യപ്പെട്ടു.

 ചേന്ദമംഗലത്ത് സർവകക്ഷിയോഗം

തീരദേശ പരിപാലനനിയമ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ചേന്ദമംഗലം പഞ്ചായത്തിന്റെ സാദ്ധ്യതയും പ്രത്യാഘാതവും സംബന്ധിച്ച് സർവകക്ഷിയോഗം നടന്നു. നാലാംവാർഡായ കുറുമ്പത്തുരുത്തിന് മറ്റുപ്രദേശങ്ങൾക്ക് ലഭിച്ച ദ്വീപ് എന്ന പരിഗണന അനുവദിക്കണമെന്ന ഭരണസമതിയുടെ ശുപാർശ സർവകക്ഷിയോഗം പിന്തുണച്ചു. മുസിരിസ് പൈതൃകപദ്ധതിയുടെ ഭാഗമായി ടൂറിസം വികസനം നടക്കുന്നതിനാൽ പഞ്ചായത്തിനെ പൂർണമായി സി.ആർ.ഇസഡിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചു. തുടർ നടപടികൾക്കായി വിദഗ്ദ്ധ സമിതിക്ക് രൂപംനൽകി.