malinyam
ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ദേശീയപാതയിൽ പറമ്പയത്ത് സ്വകാര്യ കമ്പനിയുടെ ഉടമസ്തതയിലുള്ള പറമ്പിൽ ആശുപത്രി മാലിന്യം തള്ളിയ നിലയിൽ

നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ദേശീയപാതയിൽ പറമ്പയത്ത് സ്വകാര്യ കമ്പനിയുടെ പറമ്പിൽ ടൺ കണക്കിന് ആശുപത്രി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷം തള്ളിയ മാലിന്യം ഇന്നലെ രാവിലെയാണ് പരിസരവാസികൾ കണ്ടത്.

മലപോലെ കുമിഞ്ഞുടിയ മാലിന്യത്തിൽനിന്നുള്ള ദുർഗന്ധംമൂലം വഴിയാത്രക്കാരും സമീപവാസികളും ദുരിതത്തിലായിരിക്കുകയാണ്. ഗുരുതരമായ രോഗവ്യാപന സാദ്ധ്യതയുള്ള പി.പി.ഇ കിറ്റുകൾ, സിറിഞ്ചുകൾ, ഉപേക്ഷിച്ച ഓപ്പറേഷൻ തിയേറ്റർ വസ്തുക്കൾ, പാഡുകൾ, പ്ലാസ്റ്റിക് വസ്തുക്കൾ, തുണികൾ, മരുന്നുകുപ്പികൾ അടക്കമുള്ള മാലിന്യമാണ് നിക്ഷേപിച്ചിട്ടുള്ളത്. പറമ്പിലും സമീപത്തും ടോറസ് അടക്കമുള്ള ഭാരവാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിച്ച പാടുകളും കണ്ടത്തെിയിട്ടുണ്ട്. 30 ടണ്ണോളം മാലിന്യമുള്ളതായി കണക്കാക്കുന്നു. കൊവിഡ് വ്യാപനംമൂലം ജനജീവിതം ദുസഹമായ സന്ദർഭത്തിലാണ് കൂടുതൽ ദുരിതം വിതറി മാലിന്യം തള്ളിയ സംഭവവുമുണ്ടായത്.

സംഭവമറിഞ്ഞ് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദാലി അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ച് പൊലീസിൽ പരാതി നൽകി. സ്ഥലം ഉടമയെ വിളിച്ചുവരുത്തി മാലിന്യം പൂർണമായും നീക്കണമെന്ന് നിർദ്ദേശിച്ചു. പിഴ അടക്കമുള്ള തുടർനടപടി സ്വീകരിക്കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കുറെനാളുകളായി പഞ്ചായത്തോഫീസിന് സമീപവും ആറാംവാർഡിലും പരിസരങ്ങളിലും രാത്രിയിൽ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണെന്നും പ്രസിഡൻറ് ചൂണ്ടിക്കാട്ടി.

മാലിന്യം തള്ളുന്നതിന് പിന്നിൽ തന്നെയും പഞ്ചായത്ത് ഭരണസമിതിയെയും മോശമായി ചിത്രീകരിക്കാൻ ചിലർ നടത്തുന്ന ബോധപൂർവമായ നീക്കമാണോയെന്ന കാര്യവും അന്വേഷിക്കണമെന്ന് പൊലീസിനോടാവശ്യപ്പെട്ടതായും പ്രസിഡന്റ് പറഞ്ഞു.

.