മൂവാറ്റുപുഴ :പോക്സോ കേസിൽ ഇരയ്ക്ക് വേണ്ടി സംസാരിയ്ക്കാൻ തയ്യാറാകാത്ത മാത്യുകുഴൽനാടൻ എം.എൽ.എ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു. പോക്സോ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെ സംരക്ഷിക്കുന്ന മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കതിരെ ഡി വൈ.എഫ്.ഐ മൂവാറ്റുപുഴയിൽ നടത്തിയ ജനകീയ വിചാരണ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. നീതിബോധമില്ലാതെ പെരുമാറുന്ന മാത്യു കുഴൽനാടൻ എം.എൽ.എ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിയ്ക്കുകയാണ്. കോൺഗ്രസിലെ ഉന്നത നേതാക്കൾക്കെതിരെ വരെ സംസാരിച്ച് നിലപാടെടുത്തിട്ടുള്ള മാത്യു കുഴൽനാടൻ പോക്സോ കേസ് പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവായ ഷാൻ മുഹമ്മദിനെ സംഘടനയിൽ നിന്ന് മാറ്റി നിർത്താൻ തയ്യാറാകത്തത് വേട്ടക്കാരനെ സഹായിക്കലാണ്. ജനപ്രതിനിധിയായതിനാൽ ജനങ്ങളുടെ നീതിബോധത്തെ വെല്ലുവിളിയ്ക്കാതെ സ്ത്രീവിരുദ്ധ നിലപാട് അവസാനിപ്പിയ്ക്കണം. പ്രതിയുമായി ബന്ധമില്ലെന്ന് തെളിയിയ്ക്കാൻ അദ്ദേഹം തയ്യാറാകണം.പ്രതിയെ ഒളിപ്പിച്ച് രക്ഷപ്പെടുത്താൻ ശ്രമിയ്ക്കുന്നത് സംബന്ധിച്ച് അന്വേഷണമുണ്ടായാൽ ഫോൺ രേഖകൾ വരെ പരിശോധിയ്ക്കേണ്ടി വരുമെന്നും തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ ജനാധിപത്യപരമായ പ്രക്ഷോഭത്തിന് ഡി.വൈ.എഫ്ഐ തയ്യാറാകുമെന്നും റഹീം പറഞ്ഞു.
പോക്സോ കേസിൽ ആദ്യം ജാമ്യാപേക്ഷ നൽകിയ മാത്യു കുഴൽ നാടൻ, പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തയ്യാറാകണമെന്ന് യോഗത്തിൽ സംസാരിച്ച ഡി.വൈ.എഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു.പ്രതിയ്ക്കു വേണ്ടിയും ഒപ്പം ചേർന്ന് നാടിനെ അപമാനിച്ച മാത്യൂ കുഴൽനാടന് വേണ്ടിയും പ്രകടനം നടത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകർ മറക്കുന്നത് ഇരയായ പെൺകുട്ടിയെയാണെന്നും സതീഷ് പറഞ്ഞു.നെഹ്രു പാർക്കിൽ നടത്തിയ ജനകീയ വിചാരണയിൽ ജില്ലാ കമ്മിറ്റി അംഗം ഷിജോ അബ്രഹാം അധ്യക്ഷനായി. കുഴൽനാടനെതിരെയുള്ള കുറ്റപത്രം ജില്ലാ സെക്രട്ടറി എ.എ അൻഷാദ് വായിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ബി രതീഷ്, പ്രിൻസി കുര്യാക്കോസ്, സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം.ആർ പ്രഭാകരൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ്. എം.മാത്യൂ, പ്രസിഡന്റ് ഫെബിൻ പി മൂസ, ട്രഷറർ എം എ റിയാസ് ഖാൻ എന്നിവർ പങ്കെടുത്തു.