നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിൽ ടി.പി.ആർ നിരക്ക് ഉയർന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി പറഞ്ഞു. 18 -ാം വാർഡിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്ത നാൽപ്പതിലേറെപ്പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ടി.പി.ആർ നിരക്ക് അനിയന്ത്രിതമായി വർദ്ധിച്ചത്.

വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വിവിധ സംഘടനാ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ആൻറിജൻ ടെസ്റ്റിൽ പങ്കെടുക്കണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുവേണ്ട പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് ആരംഭിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പ്രത്യേകകമ്മിറ്റി തീരുമാനമറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് മരണാനന്തര ചടങ്ങ് നടത്തിയ ഗൃഹനാഥനെതിരെ പൊലീസ് കേസെടുത്തിരുന്നു.