ഫോർട്ടുകൊച്ചി: കൊച്ചി രാജകുടുംബത്തിന്റെ ചരിത്രം പുതുതലമുറക്ക് പകർന്നുനൽകുന്ന മട്ടാഞ്ചേരി അരിയിട്ടുവാഴ്ച കോവിലകവും കുളവും കാടുപിടിച്ച് നാശത്തിന്റെ വക്കിൽ. കൊച്ചി രാജകുടുംബത്തിലെ പുതിയ രാജാക്കന്മാരുടെ കിരീടധാരണം നടത്തിയിരുന്ന കോവിലകമായത് കൊണ്ടാണ് ഇതിന് അരിയിട്ട് വാഴിച്ച കോവിലകമെന്ന് പേരുവന്നത്. കിരീടധാരണ ചടങ്ങിന് മുൻപ് രാജാവ് കുളിച്ചിരുന്ന കുളവും കാടുകയറി ഉപയോഗശൂന്യമായിത്തീർന്നു.
ടൗൺഹാൾ റോഡിൽ 90 സെന്റോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പൈതൃക കെട്ടിടത്തിന്റെ ഒരു ഭാഗത്തെ സ്ഥലം ഏറ്റെടുത്താണ് മട്ടാഞ്ചേരി വില്ലേജ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. 2010ൽ ഇത് പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരുന്നു. തുടർന്ന് 2013ൽ ലക്ഷങ്ങൾ മുടക്കി നവീകരണം നടത്തിയെങ്കിലും വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തില്ല. വർഷാവർഷം അറ്റകുറ്റപ്പണികൾ നടത്താനും അധികാരികൾ തയ്യാറാകാത്തതിനെത്തുടർന്നാണ് കോവിലകവും പരിസരവും നശിക്കാൻ തുടങ്ങിയത്.ഇപ്പോൾ ഇവിടം ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
കോവിലകം നവീകരിക്കും: ഡോ.വി. വേണു
നിരവധി സംഘടനകൾ കോവിലകത്തിന് മുന്നിൽ സമരങ്ങൾ നടത്തിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അഡി.ചീഫ് സെക്രട്ടറി ഡോ.വി. വേണുവും സംഘവും സ്ഥലം സന്ദർശിക്കാൻ എത്തിയിരുന്നു. കോവിലകത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും നവീകരിച്ച് വിനോദ സഞ്ചാരികൾക്കായി തുറന്നു നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം ഡയറക്ടർ ഇ. ദിനേശൻ, നഗരസഭാംഗം ടി.കെ. അഷറഫ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കോവിലകം സംരക്ഷിക്കണം
കോവിലകം ചരിത്രസ്മാരകമായി സംരക്ഷിക്കണമെന്ന് ഭാരതി സംസ്കൃതി സുരക്ഷാ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി സംസ്ഥാന പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടു. ജില്ലാ അദ്ധ്യക്ഷൻ ഡോ.ദിനേശ് കർത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ കെ.ജി. ഹരിദാസ്, സോഹൻ വ്യാസ്, രമ്യാപ്രസാദ്, അഡ്വ. ഗിരീഷ്, ആനന്ദരാജ്, ശാന്തകുമാർ, പി.എസ്.സുധീഷ്, മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.
വർഷങ്ങളായി കോവിലകവും പരിസരവും കുളവും സംരക്ഷിക്കാത്ത നടപടിയിൽ പൈതൃക സംരക്ഷണ സമിതിയും പ്രതിഷേധിച്ചു. നവീകരണം കഴിഞ്ഞ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സമിതി മുന്നറിയിപ്പ് നൽകി.