കൊച്ചി: അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് വിവിധ പദ്ധതിപ്രവർത്തനങ്ങൾ വേഗത്തിലാക്കി ഉദ്യോഗസ്ഥർ. ജൂലായ് 14നോ 15നോ അഡ്മിനിസ്ട്രേറ്റർ എത്തുമെന്നാണ് അറിയിപ്പ്.

വൈദ്യുതി സ്വകാര്യവത്കരണം, ജയിൽ നവീകരണം, ചരക്ക് നീക്കം മംഗലാപുരത്തേക്ക് മാറ്റൽ തുടങ്ങിയ കാര്യങ്ങൾ വേഗത്തിലാക്കി റിപ്പോർട്ട് നൽകാനുള്ള പ്രവർത്തനങ്ങളാണ് വിവിധ വകുപ്പുകളിൽ പുരോഗമിക്കുന്നത്. നിർദേശിച്ച പദ്ധതികൾ മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ സന്ദർശനത്തിൽ അഡ്മിനിസ്‌ട്രേറ്റർ ഉദ്യോഗസ്ഥരെ വിമർശിക്കുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

നിലവിൽ അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അധ്യക്ഷതയിൽ ഓരോ വകുപ്പുകളിലെയും പദ്ധതികളുടെയും വിശദീകരണ യോഗങ്ങൾ കവരത്തിയിൽ നടന്നുവരികയാണ്. വ്യവസായം, കൃഷി, ഫയർ സർവീസ്, ഫിഷറീസ്, പരിസ്ഥിതി, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി, മൃഗസംരക്ഷണം, കായികവും യുവജനകാര്യവും, കലസാംസ്‌കാരികം, തൊഴിൽ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗങ്ങളുടെ യോഗമാണ് ഇന്നലെ നടന്നത്. മറ്റ് വകുപ്പുകളുടെ യോഗം വരും ദിവസങ്ങളിൽ തുടരും.