ptz
ദിശയുടെ നേതൃത്വത്തിൽ നടത്തിയ ആസൂത്രണ യോഗം പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തൻകുരിശ്: പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഓൺ ലൈൻ പ്ലാറ്റ്‌ഫോമിലേയ്ക്ക് മാറിയ സാഹചര്യത്തിൽ ഓരോ വിദ്യാർത്ഥിയുടെയും സമഗ്രമായ വളർച്ച ഉറപ്പാക്കുവാൻ ദിശ പദ്ധതിയുമായി പുത്തൻകുരിശ് പഞ്ചായത്ത്. കഴിഞ്ഞ മൂന്ന് അദ്ധ്യയന വർഷങ്ങളിലായി പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലും പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ദിശ പദ്ധതിയുടെ ഭാഗമായുള്ള മോണിട്ടറിംഗ് സമിതിയാണ്.
ഒരു കോടിയിൽപരം രൂപയുടെ പ്രവർത്തനങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയത്. ഈ അദ്ധ്യയന വർഷം കൊവിഡ് വ്യാപനത്തെ തുടർന്ന് ക്ലാസ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിയാത്തവർക്ക് എല്ലാവിധ പിന്തുണയും ഉറപ്പു വരുത്തുന്ന രീതിയിലാണ് പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ പറഞ്ഞു. ദിശയുടെ നേതൃത്വത്തിൽ നടത്തിയ ആസൂത്രണ യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ അദ്ധ്യക്ഷനായി. കെ.എം. നൗഫൽ മുഖ്യ പ്രഭാഷണം നടത്തി. പി.എൻ. നക്ഷത്രവല്ലി, ഐ.എച്ച്. റഷീദ്, കെ.സി. സുലേഖ തുടങ്ങിയവർ സംസാരിച്ചു.