# പത്ത് ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ കേസ്
തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ താത്കാലിക ജീവനക്കാരുടെ നിയമനത്തിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. റവന്യൂ വിഭാഗത്തിലെ താത്കാലിക ജീവനക്കാർ ഉൾപ്പടെയുളളവർ ജോലിക്ക് കയറുന്നതിനെ ഇന്നലെ രാവിലെ റവന്യൂവിഭാഗം കവാടത്തിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തടഞ്ഞു. പൊതുജനങ്ങൾക്ക് റവന്യൂ വിഭാഗത്തിലേക്ക് കയറാവുന്ന വാതിൽ അടച്ചുകൊണ്ട് സമരം ചെയ്തെന്നാരോപിച്ച് തൃക്കാക്കര സി.ഐ കെ. ധനപാലനും സമരക്കാരുമായി വാക്കേറ്റമുണ്ടായി. സ്ഥിരം ജീവനക്കാർക്കും പൊതുജനങ്ങൾക്കും സുഗമമായി കയറുവാനുളള സൗകര്യമൊരുക്കിയിരുന്നതായി പ്രതിഷേധക്കാർ പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാക്കളും നഗരസഭ സൂപ്രണ്ട് ഇൻ ചാർജ് പ്രകാശനുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തൃക്കാക്കര അസി.പൊലീസ് കമ്മീഷണർ ബേബിയുടെ നേതൃത്വത്തിൽ നേതാക്കളെ അറസ്റ്റുചെയ്ത് നീക്കി.
ഡി.വൈ.എഫ്.ഐ കളമശ്ശേരി ബ്ലോക്ക് പ്രിസിഡന്റ് ഒ.എ. സലാഹുദീൻ, ബ്ലോക്ക് ജോ.സെക്രട്ടറി കെ.എം. ശിഹാബ്, തൃക്കാക്കര വെസ്റ്റ് മേഖലാ സെക്രട്ടറി ലുക്ക്മാൻ ഹക്കീം, തൃക്കാക്കര മേഖലാ സെക്രട്ടറി സജിത്ത്, ബിബിൻ അടക്കം പത്തുപേർക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. സി.പി.എം കളമശേരി ഏരിയ സെക്രട്ടറി കെ.ബി. വർഗീസ്, നേതാക്കളായ എ.എം. യൂസഫ്, അഡ്വ. ജയചന്ദ്രൻ എന്നിവർ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. സമരം ശക്തമാക്കാനാണ് നേതാക്കളുടെ തീരുമാനം.
ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള നഗരസഭ പ്രതിനിധികളുടെ തിരഞ്ഞെടുപ്പായതിനാൽ ഇടതു-വലത് കൗൺസിലർമാർ ആരും തന്നെ നഗരസഭയിൽ ഉണ്ടായിരുന്നില്ല. ഇന്ന് നഗരസഭയ്ക്കുള്ളിൽ എൽ.ഡി. എഫ് കൗൺസിലർമാരുടെ നേതൃത്വത്തിലും പുറത്ത് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.