പറവൂർ: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതോടെ ഡി വിഭാഗത്തിൽ ഉൾപ്പെട്ട പറവൂർ നഗരസഭയിലും ഏഴിക്കര പഞ്ചായത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ പ്രാബല്യത്തിൽ. നഗരസഭയിൽ 17.08, ഏഴിക്കരയിൽ 22.6 ശതമാനമാണ് ടി.പി.ആർ. 15 ശതമാനത്തിന് മുകളിൽ ടി.പി.ആറുള്ള തദ്ദേശ സ്ഥാപനങ്ങളാണ് ഡി വിഭാഗത്തിൽ ഉൾപ്പെട്ടത്. സി വിഭാഗത്തിൽ ഉൾപ്പെട്ട വടക്കേക്കര, പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകളിൽ ലോക്ക് ഡൗൺ ഉണ്ടാകും.
വടക്കേക്കരയിൽ 10.6, പുത്തൻവേലിക്കരയിൽ 13.47, ചേന്ദമംഗലത്ത് 10.26 എന്നിങ്ങനെയാണ് ടി.പി.ആർ. വടക്കേക്കരയിൽ കഴിഞ്ഞ ആഴ്ച ട്രിപ്പിൾ ലോക്ക് ഡൗൺ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ 30 ശതമാനത്തിലേറെ ടി.പി.ആർ ഉയർന്ന് ട്രിപ്പിൾ ലോക്ക് ഡൗണിലായ ചിറ്റാറ്റുകര പഞ്ചായത്ത് പരിശോധനകൾ വർദ്ധിപ്പിച്ചു കഴിഞ്ഞ ആഴ്ച 8.6 ൽ എത്തിച്ചിരുന്നു. ഇത്തവണ വീണ്ടും 5.76 ആയി കുറഞ്ഞു. നഗരസഭയിൽ കഴിഞ്ഞ ആഴ്ച 16.44 ശതമാനമായിരുന്നു. ഈ ആഴ്ച വീണ്ടും വർദ്ധിച്ചു. പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ചെങ്കിലും പ്രതീക്ഷിച്ചത്ര പേർ എത്തിയിരുന്നില്ല. നൂറിനും നൂറ്റിയിരുപതിനും ഇടയിലായിരുന്നു ഒരു ദിവസത്തെ പരിശോധന.
നഗരസഭയും താലൂക്ക് ആശുപത്രിയും ചേർന്ന് ഇന്ന് രാവിലെ ഒമ്പതരമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ കിഴക്കേപ്രം ഗവ. യു.പി സ്കൂളിൽ സൗജന്യ ആന്റിജൻ പരിശോധനാക്യാമ്പ് നടത്തും. 15 മുതൽ 17 വരെ വാർഡുകളിലുള്ള തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി പറഞ്ഞു.