കൊച്ചി: അപൂർവ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഇമ്രാന് (5)​ 18 കോടി രൂപയുടെ മരുന്നു ലഭ്യമാക്കണമെന്ന ഹർജിയിൽ കുട്ടിയെ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ആറംഗ സമിതിയെ നിയോഗിച്ചു. ഇവർ എത്രയും വേഗം റിപ്പോർട്ട് നൽകണമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാർ ഹർജി ജൂലായ് 13നു പരിഗണിക്കാൻ മാറ്റി. സ്പെൈനൽ മസ്കുലാർ അട്രോഫി ബാധിച്ച മകന്റെ ചികിത്സയ്ക്ക് വൻ വിലയുള്ള മരുന്ന് ലഭ്യമാക്കാൻ സർക്കാരിനു നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണ സ്വദേശി ആരിഫ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇമ്രാൻ വെന്റിലേറ്ററിലാണെന്നും ഈ ഘട്ടത്തിൽ കുട്ടിക്ക് മരുന്നു നൽകുന്നത് ഫലപ്രദമാവില്ലെന്നും കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിച്ചിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ഒരു വിദഗ്ദ്ധ സമിതിക്ക് രൂപം നൽകാൻ ഹൈക്കോടതി സർക്കാരിനോടു നിർദ്ദേശിച്ചു. ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചപ്പോൾ കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മദർ ആൻഡ് ചൈൽഡ് ഹെൽത്ത് സൂപ്രണ്ട് ഡോ. ശ്രീകുമാർ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വിഭാഗത്തിലെ ഡോ. ശങ്കർ, കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വി.ടി. അജിത് കുമാർ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പീഡിയാട്രിക് ന്യൂറോളജി പ്രൊഫസർ ഡോ. മേരി ഐപ്പ്, കോഴിക്കോട് മെഡിക്കൽ കോളേജിലെ എമർജൻസി കെയർ യൂണിറ്റിലെ ഡോ. ശാന്തിനി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മദർ ആൻഡ് ചൈൽഡ് ഹെൽത്ത് ഐ.സിയുവിലെ ഡോ. ജയകൃഷ്ണൻ എന്നിവരുടെ പേരുകളാണ് സർക്കാർ സമർപ്പിച്ചത്. തുടർന്നാണ് ഇവർ പരിശോധന നടത്തി കുട്ടിക്ക് മരുന്ന് ഫലപ്രദമാകുമോയെന്ന് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചത്.