ആലുവ: തായിക്കാട്ടുകര എസ്.എൻ പുരത്ത് ബൈക്കിൽ സഞ്ചരിച്ച യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിലായി. എസ്.എൻ പുരം ചേലാക്കുന്ന വീട്ടിൽ അഖിൽ അജി (24), എടത്തല അശോകപുരം അണ്ടിക്കമ്പനി ഭാഗത്ത് വാടകക്ക് താമസിക്കുന്ന എടത്തല സ്വദേശി നിധിൻ ബിനോയി (21) എന്നിവരെയാണ് ആലുവ എസ്.എച്ച്.ഒ സി.എൽ സുധീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച്ച വൈകിട്ടാണ് എസ്.എൻ പുരം കള്ള് ഷാപ്പിന് സമീപം എടത്തല സ്വദേശി അരുണിന് (25) ദേഹമാസകലം വെട്ടും കുത്തുമേറ്റത്. അരുൺ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്. കേസിലെ മുഖ്യപ്രതി നിരവധി കേസുകളിൽ പ്രതിയായ വിശാലാണ്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരെ കൊവിഡ് പരിശോധനക്ക് ശേഷം രാത്രി ആലുവ കോടതി റിമാൻഡ് ചെയ്തു.