പെരുമ്പാവൂർ: പൂപ്പാനി സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധനെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി ബാഗും ഫോണും തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചേർത്തല മായത്തറ ഭാഗത്ത് ഒളവക്കത്ത് വെളിയിൽ വീട്ടിൽ സുമേഷ് (37), കൂവപ്പടി ഐമുറി കൂടാലപ്പാട് ക്രിസ്ത്യൻ പള്ളിക്ക് സമീപം മൂത്തേടൻ വീട്ടിൽ ജസ്റ്റിൻ (35) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ പൂപ്പാനി സ്വദേശിയായ വൃദ്ധനെ കവർച്ച ചെയ്ത ശേഷം പൂപ്പാനി മസ്ജിദിനു സമീപം വച്ച് ഓടുന്ന ഓട്ടോയിൽ നിന്ന് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ജസ്റ്റിനാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. സുമേഷ് ബാഗും ഫോണും കൈവശപ്പെടുത്തിയ ശേഷം തള്ളിയിടുകയായിരുന്നു. സുമേഷ് ചേർത്തല സ്റ്റേഷനിൽ കൊലപാതക കേസിൽ പ്രതിയാണ്.
പെരുമ്പാവൂർ, കോടനാട്, കുറുപ്പുംപടി സ്റ്റേഷനുകളിലെ മോഷണക്കേസുകളിലെ പ്രതിയാണ് ജസ്റ്റിൻ. അമ്പേഷണ സംഘത്തിൽ പെരുമ്പാവൂർ ഡിവൈ.എസ്.പി. ഇ.പി.റെജി, ഇൻസ്‌പെക്ടർ സി.ജയകുമാർ, എസ്.ഐമാരായ ചാർളി തോമസ്, ജോസ്സി എം ജോൺസൺ, എസ്.സി.പി.ഒ മീരാൻ, സി.പി.ഒ മാരായ അഭിലാഷ്, ജൈജോ ആൻറണി എന്നിവരാണ് ഉണ്ടായിരുന്നത്.